ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ വിവാദമായ അരുണാചല്‍ സന്ദര്‍ശനത്തിന് അമേരിക്കയുടെ പിന്തുണ. ആത്മീയാചാര്യന്‍ എന്ന നിലയില്‍ എവിടെ വേണമെങ്കിലും പോകാന്‍ ലാമയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് യുഎസ് അണ്ടര്‍ സെക്രട്ടറി മരിയ ഒറ്റേറോ വ്യക്തമാക്കി.
ലാമ അരുണാചല്‍ സന്ദര്‍ശിക്കുന്നതിനെതിരെ ചൈന രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ പിന്തുണയ്ക്ക് നയതന്ത്രതലത്തില്‍ ഏറെ പ്രാധാന്യമുള്ളതായി വിലയിരുത്തുന്നു. ഒരു സന്യാസ മഠത്തിലാണ് ലാമ സന്ദര്‍ശനത്തിന് പോകുന്നത്. അത് ദലൈലാമയുടെ കര്‍ത്തവ്യമായിട്ടാണ് അമേരിക്ക കാണുന്നതെന്ന് മരിയ ഒറ്റെറോ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ ഈ മാസം ചൈന സന്ദര്‍ശിക്കുമെന്നും ഇതില്‍ ടിബറ്റന്‍ വിഷയം മുഖ്യചര്‍ച്ചയായിരിക്കുമെന്നും മരിയ വ്യക്തമാക്കി. എന്നാല്‍ ഏത് നിലപാടായിരിക്കും യുഎസ് സ്വീകരിക്കുകയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അമേരിക്കയുടെ ടിബറ്റന്‍ സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍ കൂടിയായ മരിയ പറഞ്ഞു. ഈ വര്‍ഷം കഴിഞ്ഞ് ലാമയുമായും ഒബാമ കൂടിക്കാഴ്ച നടത്തുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.