അഫ്ഗാന്‍ ദൌത്യത്തില്‍ നിന്ന് പിന്‍മാറില്ല: ബ്രൌണ്‍
ലണ്ടന്‍, വെള്ളി, 6 നവംബര്‍ 2009( 13:05 IST )
PRO
അഫ്ഗാന്‍ ദൌത്യത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ വ്യക്തമാക്കി. അഫ്ഗാനില്‍ ഏഴ് ബ്രട്ടീഷ് ഭടന്‍മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിലാണ് ബ്രൌണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രിട്ടന്‍റെ സുരക്ഷയ്ക്കും അഫ്ഗാന്‍ ദൌത്യം അനിവാര്യമാണെന്ന് ബ്രൌണ്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടന്‍റെ തെരുവുകളിലെ സുരക്ഷയ്ക്കായാണ് അഫ്ഗാന്‍ ദൌത്യം ആരംഭിച്ചത്. രാജ്യസുരക്ഷയ്ക്ക് വേണ്ടുന്ന ദൌത്യങ്ങളില്‍ നിന്നും ഒരു ശക്തിക്കും ബ്രിട്ടനെ പിന്തിരിപ്പിക്കാനാകില്ലെന്നും ബ്രൌണ്‍ പറഞ്ഞു.
അഫ്ഗാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമാണ് ബ്രിട്ടന്‍ പ്രധാനമായും തീവ്രവാദ ഭീഷണി നേരിടുന്നത്. അല്‍ ഖ്വൈദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ ബ്രിട്ടനില്‍ ആക്രമണം നടത്താന്‍ ഇപ്പോഴും പദ്ധതിയിടുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു കാരണവശാലും ഈ ദൌത്യത്തില്‍ നിന്ന് പിന്നോട്ടുപോകാനാകില്ല. ബ്രൌണ്‍ കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടന്‍റെ ഏതാണ്ട് 9,000 ട്രൂപ്പുകളാണ് അഫ്ഗാനില്‍ ഇപ്പോഴുള്ളത്. യുഎസിന് ശേഷം ഏറ്റവും കുടുതല്‍ വിദേശസൈനികരെ അഫ്ഗാനില്‍ വിന്യസിച്ചിരിക്കുന്നത് ബ്രിട്ടന്‍ ആണ്. കഴിഞ്ഞ ആഴ്ച ഒരു അഫ്ഗാന്‍ സൈനികന്‍ അഞ്ച് ബ്രട്ടീഷ് സൈനികരെ വെടിവെച്ച് കൊന്നിരുന്നു. ഇതേ തുടര്‍ന്ന് അഫ്ഗാന്‍ ദൌത്യത്തില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറുന്ന കാര്യം ആലോചിക്കുന്നതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. 2001 മുതല്‍ ആരംഭിച്ച ദൌത്യത്തില്‍ ഏതാണ്ട് 230 ബ്രട്ടീഷ് സൈനികര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.