ഫോര്‍ട്ട്ഹുഡ്, വെള്ളി, 6 നവംബര്‍ 2009( 09:54 IST )
PRO
അമേരിക്കന്‍ സൈനിക ക്യാമ്പില്‍ ആര്‍മി മേജര്‍ നടത്തിയ വെടിവെയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 31 പേര്‍ക്ക് പരുക്ക് പറ്റി. ഫോര്‍ട്ട് ഹുഡ് സൈനിക പോസ്റ്റിലായിരുന്നു സംഭവം.
ആര്‍മി മേജര്‍ നിദാല്‍ മാലിക് ഖസന്‍ ആണ് വെടിയുതിര്‍ത്തതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. ഇയാളെ മറ്റ് സൈനികര്‍ വധിച്ചതായി ആദ്യം അറിയിച്ചിരുന്നെങ്കിലും ഇയാള്‍ രക്ഷപെട്ടതായി സൈനിക വൃത്തങ്ങള്‍ പിന്നീട് വ്യക്തമാക്കി. വെടിവെയ്പിനിടെ പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് കൈത്തോക്കുകള്‍ ഉപയോഗിച്ചായിരുന്നു വെടിവെയ്പ്.
സൈന്യത്തിലെ മാനസിക ചികിത്സാ വിദഗ്ധനായിരുന്നു മാലിക് ഖസന്‍. ഇയാളെ വിദേശത്തേക്ക് സ്ഥലം മാറ്റാന്‍ ഓര്‍ഡര്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നുള്ള അസ്വസ്ഥതയാണ് വെടിവെയ്പില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് വെടിവെയ്പ് ആരംഭിച്ചത്.
അമേരിക്കയുടെ ചരിത്രത്തിലെ സമാന സംഭവങ്ങളില്‍ ഏറ്റവും ദാരുണമായതാണിത്. ഖസനുള്‍പ്പെടെ ക്യാമ്പിലെ ഏതാനും സൈനികര്‍ക്ക് വിദേശത്തേക്ക് മാറ്റമുണ്ടായിരുന്നു. ഇവര്‍ മെഡിക്കല്‍ പരിശോധനയ്ക്കെത്തിയപ്പോഴായിരുന്നു വെടിവെയ്പ്. പരിശോധനയ്ക്കായി നിന്നവര്‍ക്കും പരിശോധന കഴിഞ്ഞ് മടങ്ങിയവര്‍ക്കും നേരെയായിരുന്നു ഖസന്‍ വെടിയുതിര്‍ത്തത്.