സൂകിയെ തെരഞ്ഞെടുപ്പിന് മുമ്പ് മോചിപ്പിക്കണം: യുഎസ്
യാങ്കൂണ്‍, വ്യാഴം, 5 നവംബര്‍ 2009( 18:43 IST )
PRO
മ്യാന്‍മറിലെ തിരഞ്ഞെടുപ്പിനു മുമ്പായി പ്രതിപക്ഷ നേതാവ് ആങ് സാങ് സൂകിയെ മോചിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സൂകിയുമായി കൂടിക്കാഴ്ച നടത്തിയ അമേരിക്കന്‍ നയതന്ത്രപ്രതിനിധി സ്കോട്ട് മാര്‍ഷല്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സൂകിയുടെ സാന്നിധ്യം ഇല്ലാതെ തെരഞ്ഞെടുപ്പ് നിയമാനുസൃതമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ഷല്‍ ആവശ്യമുന്നയിച്ചത്.
കിഴക്കന്‍ ഏഷ്യ-പസഫിക് മേഖലാ ചുമതലയുള്ള യുഎസ് അസിസ്റ്റന്‍റ് സെക്രട്ടറി കാംപെലുമൊത്താണ് സ്കോട്ട് മാര്‍ഷല്‍ കഴിഞ്ഞ ദിവസം സൂകിയെ സന്ദര്‍ശിച്ചത്. പട്ടാള ഭരണകൂടം നല്‍കിയ ഇളവില്‍ ഒരു ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. സൂകിയെയും പ്രതിപക്ഷ കക്ഷികളിലെ മറ്റു രാഷ്ട്രീയ തടവുകാരെയും മോചിപ്പിച്ചാല്‍ മാത്രമേ തിരഞ്ഞെടുപ്പ് വിശ്വാസയോഗ്യമാകുകയുള്ളു മാര്‍ഷെല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സൂകിയെ വേഗം മോചിപ്പിക്കണമെന്ന് മ്യാന്‍മറിലെ 50 സംഘടനകള്‍ ഒബാമ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. കാംപെല്ലും അമേരിക്കന്‍ പ്രതിനിധിസംഘവും മ്യാന്‍മറിലെ പട്ടാള ഭരണകൂടവുമായും ചര്‍ച്ച നടത്തിയിരുന്നു.