താലിബാനെതിരായ പാക് സൈനിക മുന്നേറ്റത്തില്‍ നിര്‍ണായക മുന്നേറ്റം. നിരോധിത സംഘടനയായ തെഹ്‌രിക്-ഇ-താലിബാന്റെ തലവനും മത പണ്ഡിതനുമായ മൌലാന ഫസലുള്ളയെ സൈന്യം വളഞ്ഞതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. സൈനിക നടപടിക്കിടെ പരുക്കേറ്റ ഫസലുളളയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള ഒളിത്താവളമാണ് സൈന്യം വളഞ്ഞിരിക്കുന്നതെന്ന് പ്രവിശ്യാ മന്ത്രി ബാഷിര്‍ അഹമ്മദ് ബിലൌര്‍ പറഞ്ഞു.
സ്വാത് താഴ്വരയിലെ താലിബാന്‍റെ ഉന്നതനേതാക്കളെയെല്ലാം പിടികൂടുകയോ വധിക്കുകയോ ചെയ്തതായും സ്വാതിലെ 80 ശതമാനം പ്രദേശങ്ങളും സാധാരണ നിലയിലാണെന്ന് ബിലൌര്‍ വ്യക്തമാക്കി. മൌലാന ഫസലുള്ളയുടെ ഏറ്റവും അടുത്ത അനുയായിയെ ബുധനാഴ്ച സൈന്യം അറസ്റ്റ് ചെയ്തിരുന്നു.
ഇയാള്‍ നല്‍കിയ വിവരമനുസരിച്ചാണ് ഫസലുള്ളയുടെ താവളം വളഞ്ഞതെന്നാണ് സൂചന. ഇതിനു പുറമെ ഫസലുള്ളയുടെ നിരവധി അനുയായികളും പാക് സൈന്യത്തിന്‍റെ പിടിയിലായിട്ടുണ്ട്. 2007 മുതല്‍ താലിബാന്‍റെ സ്വാധീനവലയത്തിലായ സ്വാത് താഴ്വരയില്‍ ഇസ്ലാമിക ശരിയത് നിയമങ്ങള്‍ നടപ്പാക്കാനെന്ന പേരില്‍ മൌലാന ഫസലുള്ളയാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.