ഓസ്‌ട്രേലിയയില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി ആക്രമിക്കപ്പെട്ടു
മെല്‍ബണ്‍, വ്യാഴം, 5 നവംബര്‍ 2009( 10:06 IST )
ഓസ്‌ട്രേലിയയില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി വംശീയാക്രമണത്തിന് ഇരയായി. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അമൃത് ഗോയല്‍ (36) ആണ് സ്ത്രീയടക്കമുള്ള മൂന്നംഗ സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായത്.
ഓസ്‌ട്രേലിയയിലെ ഇന്‍ഡസ്‌ട്രിയല്‍ സിസ്റ്റം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടോമോട്ടീവ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ അമൃത് ലാവേര്‍ട്ടണ്‍ മേഖലയില്‍ ആണ് ആക്രമണത്തിനിരയായത്.
കഴിഞ്ഞ ദിവസം രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം അമൃതിന്‍റെ വീടിന് മുന്നിലെത്തി അസഭ്യം പറയുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്യുകയായിരുന്നു. ഇവരോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അമൃതിന്‍റെ ഇടതു കണ്ണിനടിക്കുകയായിരുന്നു.
ഇന്ത്യയിലേക്ക് മടങ്ങിപ്പോ എന്നാക്രോശിച്ചു കൊണ്ടായിരുന്നു കല്ലെറിഞ്ഞത്. പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഒരു മണിക്കൂറിനു ശേഷമാണ് പൊലീസ് സംഭവസ്ഥലത്തെത്തിയതെന്ന് അമൃത് പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്കു നേരെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്.