പലസ്തീനിലെ സാമ്പത്തിക ഉത്തേജനത്തിനായി ഇസ്രയേല്‍ അറബ് രാഷ്ട്രങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇസ്രയേല്‍ വിദേശകാര്യ ഉപമന്ത്രി ഡാനി അയലോണ്‍ ആണ് അഭ്യര്‍ത്ഥന നടത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്ക ആവിഷ്കരിച്ച മാര്‍ഷല്‍ പദ്ധതി പോലെ അറബ് രാഷ്ട്രങ്ങളില്‍ നിന്നും സജീവമായ സഹായമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
പലസ്തീന്‍ സാമ്പത്തിക മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായി 10 ബില്യന്‍ യുഎസ് ഡോളറെങ്കിലും വേണം. ഇതിലേക്ക് അറബ് രാഷ്ട്രങ്ങള്‍ കൂടുതല്‍ സഹകരിക്കണം. പ്രത്യേകിച്ചും സൌദിക്ക് ഇക്കാര്യത്തില്‍ കുടുതല്‍ സഹായങ്ങള്‍ ചെയ്യാനാകുമെന്നും അയലോണ്‍ ചൂണ്ടിക്കാട്ടി.
പണം ഇറക്കി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. എണ്ണകയറ്റുമതിയിലൂടെയും മറ്റും സൌദിക്ക് ലക്ഷക്കണക്കിന് ഡോളറാണ് വരുമാനമായി ലഭിക്കുന്നത്. ഇതിന്‍റെ ചെറിയൊരുഭാഗം പലസ്തീന്‍റെ വികസനത്തിന് വേണ്ടി ചെലവഴിക്കാന്‍ തയ്യാറാകണമെന്നും അയലോണ്‍ അഭ്യര്‍ത്ഥിച്ചു.