വാഷിംഗ്ടണ്‍, ബുധന്‍, 4 നവംബര്‍ 2009( 10:15 IST )
PRO
പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് ആസിഫ് അലി സര്‍ദാരിയെ അട്ടിമറിക്കാന്‍ പാക് സൈന്യം ഗൂഢാലോചന നടത്തുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. ജനാധിപത്യ, രാഷ്ട്രീയ രീതികളിലൂടെ സര്‍ദാരിയെ അട്ടിമറിക്കാനാണ് ഉന്നത സൈനിക ജനറല്‍മാര്‍ ഗൂഢാലോചന നടത്തുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിലുണ്ട്.
സൈന്യത്തിന്‍റെ ഇപ്പോഴത്തെ നേതൃനിര സ്ഥാനം ഒഴിയുമ്പോള്‍ പ്രസിഡന്‍റെന്ന നിലയില്‍ സര്‍ദാരിക്കുള്ള വിപുലമായ അധികാരങ്ങള്‍ ഉപയോഗിച്ച് അദ്ദേഹം തന്‍റെ അടുപ്പക്കാരെ സൈനിക നേതൃത്വത്തില്‍ പ്രതിഷ്ഠിച്ചേക്കാമെന്ന ഭയമാണ് സൈനിക ഗൂഢലോചനക്ക് പിന്നിലെന്നും യു എസ് റിപ്പോര്‍ട്ടിലുണ്ട്.
ഇതിനുപുറമെ സര്‍ദാരി ശക്തനാവുന്നതും രാജ്യത്ത് താലിബാന്‍റെ സ്വാധിനം വര്‍ധിക്കുന്നതും പാക് സൈന്യത്തെ ദുര്‍ബലമാക്കുമെന്നും സൈന്യത്തിന് ഭയ്മുണ്ട്. അടുത്ത വര്‍ഷം ഒക്ടോബറോടെ നിലവിലെ സൈനിക നേതൃത്വം സ്ഥാനമൊഴിയുമെന്നാണ് കരുതുന്നത്.
ഇതിനുശേഷം തന്‍റെ ആജ്ഞാനുവര്‍ത്തികളെ സൈനിക നേതൃനിരയില്‍ സര്‍ദാരി പ്രതിഷ്ഠിച്ചേക്കുമെന്നാണ് സൈന്യത്തിന്‍റെ പ്രധാന ഭയം. എന്നാല്‍ പാക് സര്‍ക്കാരിനുമേലുള്ള അമേരിക്കയുടെ സ്വാധീനം കാരണം നേരിട്ടുള്ളൊരു സൈനിക നടപടിക്ക് സൈന്യം മുതിരില്ലെന്നും മറ്റ് മാര്‍ഗങ്ങളിലൂടെ സര്‍ദാരിയെ പുറത്താക്കനാണ് ശ്രമിക്കുകയെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് സുചിപ്പിക്കുന്നു.