ഇന്ത്യയും ചൈനയുമായുള്ള ബന്ധം വഷളാക്കുന്നത് ദലൈലാമയാണെന്ന് ചൈന. അരുണാചല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ലാമയ്ക്കെതിരെ ചൈന വീണ്ടും ആരോപണമുന്നയിച്ചത്. മറ്റ് രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധം തകര്‍ക്കാനാണ് ലാമ ശ്രമിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാ ഷവോക്സു പറഞ്ഞു.
ലാമ ആവര്‍ത്തിച്ച് കള്ളം പറയുകയാണ്. മറ്റ് രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധം തകര്‍ക്കാന്‍ ലാമ നടത്തുന്ന ശ്രമങ്ങള്‍ വിഫലമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മാ ഷവോക്സു പറഞ്ഞു. പതിവു വാര്‍ത്താ സമ്മേളനത്തിനിടെയാണ് മാ ഷവോക്സു ലാമയ്ക്കെതിരെ തിരിഞ്ഞത്. ലാമയെ കുറ്റപ്പെടുത്തിയെങ്കിലും സന്ദര്‍ശനത്തിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിനെതിരെ ഷവോക്സു ഒന്നും മിണ്ടിയില്ല.
അരുണാചല്‍ പ്രദേശിന്‍റെ ഭാഗമായ 90,000 സ്ക്വയര്‍ കിലോമീറ്റര്‍ കിഴക്കന്‍ ടിബറ്റില്‍ പെടുന്നതാണെന്നും ചൈനയുടെ പ്രദേശമാണെന്നും ആണ് ചൈനയുടെ വാദം. ചൈനയുടെ വാദം തെറ്റാണെന്ന നിലപാടിലാണ് ഇന്ത്യ. ദലൈലാമ ഇവിടം സന്ദര്‍ശിക്കുന്നതിനെ എതിര്‍ത്ത് ചൈന ആദ്യം മുതല്‍ ശക്തമായി രംഗത്ത് വന്നിരുന്നു. അടുത്ത ആഴ്ചയാണ് ലാമയുടെ സന്ദര്‍ശനം.
കഴിഞ്ഞ മാസം ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോയും ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും ആരോഗ്യപരമായ ബന്ധം നിലനിര്‍ത്താന്‍ തീരുമാനിച്ച കാര്യവും മാ ഷവോക്സു ഓര്‍മ്മിപ്പിച്ചു.