ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പോരാടുന്ന നക്സലുകള്‍ക്ക് നേപ്പാളിലെ മാവോയിസ്റ്റുകളുടെ പിന്തുണ. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മാവോയിസ്റ്റ് സംഘടനയായ യുസിപിഎന്‍-എം മുതിര്‍ന്ന നേതാവ് സിപി ഗജുറേല്‍ ഇക്കാര്യം അറിയിച്ചത്.
സായുധ പോരാട്ടം നടത്തുന്ന ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ക്ക് പൂര്‍ണ്ണപിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായി ഗജുറേല്‍ പറഞ്ഞു. നേപ്പാള്‍ മാവോയിസ്റ്റുകള്‍ ഇന്ത്യന്‍ നക്സലുകള്‍ക്ക് ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്നതായി കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി പി ചിദംബരം സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാള്‍ മാവോയിസ്റ്റ് സംഘടനയുടെ പിന്തുണ വാഗ്ദാനം.
നേപ്പാളിലെ മാവോയിസ്റ്റ് നേതാവ് ഇന്ത്യയിലെ മുതിര്‍ന്ന നക്സല്‍ നേതാവായ കിഷെന്‍ജിയുമായി കഴിഞ്ഞ മാസം കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പേരു വെളിപ്പെടുത്താത്ത അതീവ രഹസ്യമായ ഒരു സ്ഥലത്തായിരുന്നു കൂടിക്കാഴ്ചയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ നക്സലുകള്‍ അവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്നും ഗജുറേല്‍ അഭിമുഖത്തില്‍ പറയുന്നു. തന്‍റെ പാര്‍ട്ടി ഒരിക്കലും ഇതിനെ എതിര്‍ക്കില്ലെന്നും ഗജുറേല്‍ വ്യക്തമാക്കുന്നുണ്ട്.