ആണവായുധ നിര്‍മ്മാണം ലക്‍ഷ്യമിട്ട് ഇന്ധനം ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് ഉത്തരകൊറിയ തുറന്നുസമ്മതിച്ചു. ഔദ്യോഗിക വാര്‍ത്താ വെബ്സൈറ്റിലൂടെയാണ് ഉത്തരകൊറിയ ഇക്കാര്യം അംഗീകരിച്ചത്. ആണവായുധ നിര്‍മ്മാണത്തിനുതകുന്ന പ്ലൂട്ടോണിയം വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്നതായാണ് ഉത്തരകൊറിയ സമ്മതിച്ചിരിക്കുന്നത്.
നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് അമേരിക്ക സമ്മതിച്ചില്ലെങ്കില്‍ സ്വന്തം വഴി നോക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ വെളിപ്പെടുത്തല്‍. ഓഗസ്ത് അവസാനത്തോടെ സമ്പുഷ്ടീകരിച്ച 8 000 ഇന്ധന ദണ്ഡുകള്‍ നിര്‍മ്മിച്ചതായാണ് സൈറ്റിലൂടെ ഉത്തരകൊറിയ വെളിപ്പെടുത്തിയിരിക്കുന്നത്. ആണവായുധ നിര്‍മ്മാണത്തില്‍ ശ്രദ്ധേയമായ നേട്ടമാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.
യോങ്ബിയോണ്‍ ആണവകേന്ദ്രത്തിലായിരുന്നു ഈ സമ്പുഷ്ടീകരണമെന്നും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നു. 8000 പ്ലൂട്ടോണിയം ദണ്ഡുകളില്‍ നിന്ന് രണ്ട് ആണവബോംബുകള്‍ നിര്‍മ്മിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കൊറിയയുടെ വെളിപ്പെടുത്തല്‍ ആണവനിരായുധീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഇരട്ടിയാക്കിയിട്ടുണ്ട്. ജപ്പാന്‍, ദക്ഷിണകൊറിയ, ചൈന, റഷ്യ, അമേരിക്ക തുടങ്ങിയ ആറ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ഈ വെളിപ്പെടുത്തല്‍ ഇടയാക്കിയേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയ സ്വയം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നായിരുന്നു അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും വിലയിരുത്തല്‍.