സൌദിയില്‍ വീണ്ടും പന്നിപ്പനി വ്യാപകമാകുന്നു. ഹജ്ജ് തുടങ്ങുന്നതിന് മുമ്പുതന്നെ 60 പേരാണു രോഗം ബാധിച്ചു മരിച്ചത്. തണുത്ത കാലാവസ്ഥയും മഞ്ഞുവീഴ്ചയുമാണ് രോഗം പടരാന്‍ കാരണം.
കഴിഞ്ഞ ആഴ്ച മാത്രം 59 പേര്‍ക്കാണ് രോഗം ബാധിച്ചത്. വരും ദിവസങ്ങളില്‍ ഹജ്ജ് കര്‍മത്തിനായി 20 ലക്ഷം തീര്‍ഥാടകര്‍ മക്കയിലും മദീനയിലും എത്താനിരിക്കെയാണ് രാജ്യത്ത് പന്നിപ്പനി പടര്‍ന്ന് പിടിക്കുന്നത്. വേണ്ടത്ര മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ ആശങ്കയിലാണ്.
രോഗബാധ തടയുന്നതിനായി തീര്‍ഥാടകര്‍ക്കു മുഖാവരണവും കൈകള്‍ ശുചിയാക്കാനുള്ള അണുനാശിനികളും അടങ്ങിയ കിറ്റുകള്‍ സൌദി ആരോഗ്യമന്ത്രാലയം വിതരണം ചെയ്യുന്നുണ്ട്. തീര്‍ത്ഥാടകരുടെ ശരീര താപനില പരിശോധിക്കുന്നതിനും സജ്ജീകരണമൊരുക്കിയിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും ഇതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ എച്ച് വണ്‍ എന്‍ വണ്‍ വൈറസുകളുടെ പകര്‍ച്ച ഒരുപരിധി വരെയേ ഇത്തരത്തില്‍ തടയാന്‍ സാധിക്കൂ എന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
തണുപ്പുകാലം എച്ച് എന്‍ വണ്‍ വൈറസുകള്‍ പെരുകാനിടയാക്കുന്ന സാഹചര്യമാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വൈറസ് പ്രതിരോധിക്കുന്നതിനായി ഒരു കോടി വാക്സിനുകളും ആരോഗ്യമന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്. തീര്‍ഥാടകരില്‍ രോഗികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തുന്നതിനും ആന്‍റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനുമായി അടിയന്തര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മേഖലയിലെ മുഴുവന്‍ ആശുപത്രികളെയും ചികിത്സാ കേന്ദ്രങ്ങളെയും പ്രത്യേക കണ്ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ ആരോഗ്യസ്ഥാപനങ്ങളിലെ പനി ചികിത്സാവിദഗ്ധര്‍, യു എസ് നാവികസേനയുടെ കെയ്‌റോയിലുള്ള മെഡിക്കല്‍ ലബോറട്ടറി എന്നിവയും സൌദി ആരോഗ്യമന്ത്രാലയവുമായി സഹകരിക്കുന്നുണ്ട്. പനിലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനു പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്.
ആഭ്യന്തര ഹജ്ജ് സേവന രംഗത്തെ ഓരോ കമ്പനിയും മിനയിലെ ടെന്റുകളില്‍ ഒന്ന് ക്ലിനിക്കായി പ്രവര്‍ത്തിപ്പിക്കും. ദുല്‍ഹജ്ജ് ഏഴ് മുതല്‍ 13 ന് ഹജ്ജ് കഴിയുന്നതുവരെ ഇവര്‍ സേവന രംഗത്തുണ്ടാകും.