തീവ്രവാദത്തിനെതിരെ ഇന്ത്യയും പാകിസ്ഥാനും ഒന്നിക്കണം: ഖുറേഷി
ക്വാലാലംപൂര്‍, തിങ്കള്‍, 2 നവംബര്‍ 2009( 10:51 IST )
തീവ്രവദാത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി അഭിപ്രായപ്പെട്ടു. ഇന്ത്യയെയും പാകിസ്ഥാനെയും ഭിന്നിപ്പിക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഖുറേഷിയുടെ അഭിപ്രായം.
ഒരു മലേഷ്യന്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുറേഷി. ഒരു രാജ്യത്തിനെതിരെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍റെ മണ്ണില്‍ കളമൊരുക്കാന്‍ അനുവദിക്കില്ല. തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിനുതകുന്ന വിവരങ്ങള്‍ ഇന്ത്യ കൈമാറണമെന്നും ഖുറേഷി ആവശ്യപ്പെട്ടു.
മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ മുടങ്ങിക്കിടക്കുകയാണ്. തീവ്രവാദത്തിനെതിരെയുള്ള പാകിസ്ഥാന്‍റെ പ്രവര്‍ത്തനത്തെയാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗമായി ഇന്ത്യ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ തീവ്രവാദത്തിന് പങ്കില്ലെന്നാണ് പാകിസ്ഥാന്‍ വിശ്വസിക്കുന്നത്. തീവ്രവാദികളുടെ നിയന്ത്രണത്തിലോ ആജ്ഞാനുവര്‍ത്തികളായോ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളല്ല ഇത് രണ്ടുമെന്നും ഖുറേഷി ചൂണ്ടിക്കാട്ടി.
തീവ്രവാദവുമായുള്ള ബന്ധം മേഖലയിലെ സഹകരണം നിരര്‍ത്ഥകമാക്കിത്തീര്‍ക്കുമെന്ന് പാകിസ്ഥാന് അറിയാമെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു. വസീരിസ്ഥാനിലെ തന്ത്രപ്രധാന മേഖല സൈന്യം വളഞ്ഞുകഴിഞ്ഞെന്നും അടുത്ത മാസത്തിനുള്ളില്‍ ഈ പ്രദേശത്ത് നിന്നും താലിബാന്‍ പോരാളികളെ പൂര്‍ണ്ണമായി തുടച്ചുനീക്കാനാകുമെന്നും ഖുറേഷി വ്യക്തമാക്കി.