പാകിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഒരു സര്‍ക്കാര്‍ സ്കൂള്‍ തീവ്രവാദികള്‍ ബോംബിട്ടു തകര്‍ത്തു. ആര്‍ക്കും ജീവഹാനി ഉണ്ടായിട്ടില്ല. സ്കൂള്‍ കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. സമീപത്തുള്ള കെട്ടിടങ്ങളില്‍ താമസിച്ചിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഖൈബര്‍ ഗോത്ര ജില്ലയില്‍ കാരി ഗര്‍ ഗ്രാമത്തിലായിരുന്നു സംഭവം
18 മുറികള്‍ ഉള്ള സ്കൂളില്‍ രണ്ട് സ്ഫോടനങ്ങള്‍ ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. സമീപമുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്കൂളില്‍ ഓഫീസ് ബോയിയായി ജോലി നോക്കുന്ന ഒരു യുവാവിനെ കാണാതായിട്ടുണ്ടെന്നും തീവ്രവാദികള്‍ ഇയാളെ തട്ടിക്കൊണ്ടുപോയെന്നാണ് പ്രാഥമിക നിഗമനമെന്നും അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തിന്‍റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തീവ്രവാദികളുടെ ശക്തികേന്ദ്രമായിരുന്ന സ്വാത് താഴ്വരയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരത്തില്‍ 200 സ്കൂളുകള്‍ തകര്‍ന്നതായിട്ടാണ് കണക്കുകള്‍.