ബെര്‍മിങ്ഹാം, ബുധന്‍, 28 ഒക്ടോബര്‍ 2009( 12:03 IST )
PRO
രാജവാഴ്ചയുടെ കഥപറയുന്ന ബ്രിട്ടനില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് രാജകീയ വരവേല്‍പ്. രാജകീയ നഗരമായ വിന്‍ഡ്സറില്‍ എത്തിയ രാഷ്ട്രപതിയെ 21 ആചാരവെടികളോടെയാണ് ബ്രട്ടീഷ് രാജകുടുംബം സ്വീകരിച്ചത്.
രാജകൊട്ടാരമായ വിന്‍ഡ്സര്‍ കാസിലിലേക്കുള്ള പാതയില്‍ മൂവര്‍ണ്ണ പതാകയുമായി നൂറ് കണക്കിനാളുകള്‍ രാഷ്ട്രപതിയെ കാണാന്‍ എത്തിയിരുന്നു. ഇന്ത്യയുടെയും ബ്രിട്ടന്‍റെയും പതാകകളാല്‍ നേരത്തെ തന്നെ ഈ രാജവീഥി മനോഹരമായി അലങ്കരിച്ചിരുന്നു. വിന്‍ഡ്സര്‍ സ്റ്റേഷന് പുറത്ത് പ്രതിഭാ പാട്ടീലിനെയും ഭര്‍ത്താവ് ദേവിസിംഗ് രാംസിംഗ് ഷെഖാവത്തിനെയും സ്വീകരിക്കാന്‍ എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് പ്രിന്‍സ് ഫിലിപ്പും ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ലയും എത്തിയിരുന്നു.
900 വര്‍ഷം പഴക്കമുള്ള വിന്‍ഡ്സര്‍ കാസിലിലേക്ക് കുതിരകളെ പൂട്ടിയ പ്രത്യേക വണ്ടിയിലാണ് രാഷ്ട്രപതി ആനയിക്കപ്പെട്ടത്. മുമ്പില്‍ ആറ് വെള്ളക്കുതിരകളെ പൂട്ടിയ രഥത്തിലായിരുന്നു രാഷ്ട്രപതിയും ബ്രട്ടീഷ് രാജ്ഞിയും. തൊട്ടുപിന്നാലെ തവിട്ടുകലര്‍ന്ന ചുവപ്പുനിറത്തിലുള്ള കുതിരകളെ പൂട്ടിയ വണ്ടിയില്‍ ദേവീസിംഗും പ്രിന്‍സ് ഫിലിപ്പും. പിന്നാലെ മൂന്ന് വണ്ടികളിലായി വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും യാത്ര തിരിച്ചു.
ബ്രട്ടീഷ് രാജകുടുംബത്തിന്‍റെ പ്രതാപകാലം വിളിച്ചോതുന്ന പാരമ്പര്യമിശ്രിതമായ ചടങ്ങുകളായിരുന്നു കൊട്ടാരത്തിലെത്തിയ രാഷ്ട്രപതിയെയും സംഘത്തെയും വരവേല്‍ക്കാന്‍ ഒരുക്കിയിരുന്നത്. ബ്രട്ടീഷ് സേനാവിഭാഗമായ ഐറിഷ് ഗാര്‍ഡുകളുടെ ആദ്യ ബറ്റാലിയന്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കമായത്. ഗാര്‍ഡ് ഓഫ് ഓണറില്‍ പ്രിന്‍സ് ഫിലിപ്പും രാഷ്ട്രപതിയെ അനുഗമിച്ചു. തുടര്‍ന്ന് സൈനിക ബാന്‍ഡ് സംഘം ബ്രട്ടന്‍റെ ദേശീയ ഗാനത്തിന് ശേഷം ജനഗണമനയും ബാന്‍ഡില്‍ മുഴക്കി. കുതിരപ്പട്ടാളം ഉള്‍പ്പെടെ അണിനിരന്ന ബ്രട്ടീഷ് സേനയുടെ വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റും ഒരുക്കിയിരുന്നു.
കശ്മീരി ഷാളും കാര്‍പ്പെറ്റുമായിരുന്നു എലിസബത്ത് രാജ്ഞിക്ക് പ്രതിഭാപാട്ടീല്‍ നല്‍കിയ സമ്മാനം. 1947 ല്‍ വിവാഹസമ്മാനമായി മഹാത്മാഗാന്ധി നല്‍കിയ ഷാള്‍ ഉള്‍പ്പെടെ കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ള ഇന്ത്യന്‍ വസ്തുക്കള്‍ രാഷ്ട്രപതിയെയും കൂട്ടരെയും എലിസബത്ത് രാജ്ഞി കാണിച്ചു. ജയ് ഹിന്ദ് എന്നെഴുതുയ ഷാള്‍ മഹാത്മാഗാന്ധി സ്വന്തം കൈകൊണ്ടാണ് തുന്നിയത്.