ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » അമേരിക്കയില്‍ ബാലവേശ്യാവൃത്തി വര്‍ദ്ധിക്കുന്നു (Child prostitution increases in America)
Feedback Print Bookmark and Share
 
PRO
അമേരിക്കയില്‍ ബാലവേശ്യാവൃത്തി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ അമേരിക്കയിലെ 36 നഗരങ്ങളില്‍ എഫ്‌ബി‌ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 52 കുട്ടികളെയാണ് ബാലവേശ്യാവൃത്തിയില്‍ നിന്നും രക്ഷപെടുത്തിയത്.

പത്ത് വയസുള്ള കുട്ടികള്‍ വരെ വേശ്യാവൃത്തിക്ക് ഇരയാകുന്നുണ്ട്. എഫ്ബി‌ഐ ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തിയവരില്‍ ഇത്തരക്കാരും ഉള്‍പ്പെടും. പതിനെട്ട് വയസില്‍ താഴെയാണ് എല്ലാവര്‍ക്കും പ്രായം. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള എഫ്ബി‌ഐ പ്രത്യേക ദൌത്യസംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍.

ബാലവേശ്യാവൃത്തിക്ക് ഇടനിലക്കാരും സജീവമാണ്. ഇവരാണ് കുട്ടികളെ ആവശ്യക്കാരുടെ അടുത്തെത്തിക്കുക. അറുപത് ഇടനിലക്കാരെ ഉള്‍പ്പെടെ 700 പേരെ റെയ്ഡിനിടെ ദൌത്യസേന അറസ്റ്റ് ചെയ്തിട്ടുണ്ട്. തെരുവുമൂലകളും, ചൂതാട്ട കേന്ദ്രങ്ങളും, ട്രക്ക് സ്റ്റോപ്പുകളും കേന്ദ്രീകരിച്ചാണ് ഇടനിലക്കാരുടെ കച്ചവടം. വെബ്സൈറ്റുകളും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്ന് എഫ് ബി‌ഐ ഉദ്യോഗസ്ഥര്‍ പറയുന്നു.

നേരത്തെ മുതല്‍ തന്നെ ബാലവേശ്യാവൃത്തി അമേരിക്കയില്‍ സജീവമായിരുന്നെങ്കിലും അടുത്ത വര്‍ഷങ്ങളില്‍ ഇത് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 11 വയസുമുതല്‍ 17 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് ആവശ്യക്കാരേറെ. അമേരിക്കന്‍ വിനോദസഞ്ചാരമേഖലയും ബാലവേശ്യാവൃത്തിയില്‍ നിന്ന് മുക്തമല്ല. മധ്യപശ്ചിമ അമേരിക്കയിലാണ് ബാലവേശ്യാവൃത്തി കൂടുതല്‍ സജീവം.

കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എഫ്ബിഐയുടെ ക്രിമിനല്‍ അന്വേഷണവിഭാഗം പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നുണ്ട്. 2003 ല്‍ കുട്ടികള്‍ക്കെതിരെയുള്ള ചൂഷണവും പീഡനവും തടയുന്നതിനുള്ള ഡിപ്പാര്‍ട്ട്‌മെന്‍റും എഫ്ബിഐയും സംയുക്തമായി ‘നഷ്ടപ്പെടുന്ന നിഷ്കളങ്കത‘ എന്ന പേരില്‍ ബാലവേശ്യാവൃത്തി തടയാനും തെരുവുകളില്‍ നിന്ന് കുട്ടികളെ രക്ഷപെടുത്താനും ശ്രമം ആരംഭിച്ചിരുന്നു. ഇതുവരെ ഏതാണ്ട് 900 കുട്ടികളെ ഈ സംയുക്ത പ്രയത്നത്തിലൂടെ തെരുവില്‍ നിന്ന് രക്ഷപെടുത്തിയിട്ടുണ്ട്.

എന്നാല്‍ ബാലവേശ്യാവൃത്തി പൂര്‍ണ്ണമായി ഉന്‍‌മൂലനം ചെയ്യാന്‍ ഈ ശ്രമങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഒടുവിലത്തെ സംഭവവും വ്യക്തമാക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: Child prostitution, FBI rescues 52 kids, America