മുംബൈ ഭീകരാക്രമണത്തിന്‍റെ നിര്‍ണായക വിചാരണയുടെ വാദം കേള്‍ക്കുന്നതിന് പാക് സര്‍ക്കാര്‍ പുതിയ ജഡ്‌ജിയെ നിയമിച്ചു. നിലവിലെ ജഡ്ജി ബാഖിര്‍ അലി റാണ വാദം കേള്‍ക്കലില്‍ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് പുതിയ ജഡ്‌ജിയെ നിയമിച്ചത്.
ഭീകരവിരുദ്ധ കോടതി ജഡ്‌ജി മാലിക് മുഹമ്മദ് അക്രം അവാനെയാണ് റാണയ്‌ക്ക് പകരം ജഡ്‌ജിയായി നിയമിച്ചിരിക്കുന്നത്. ലാഹോര്‍ ഹൈക്കോടതി ചീഫ് ജസ്‌റ്റീസ് ക്വാജ മൊഹമ്മദ് ഷരീഫ് ആണ് അക്രം അവാനെ ജഡ്‌ജിയായി നിയമിച്ച് ഉത്തരവിറക്കിയത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ടായിരുന്നു റാണ ഭീകരാക്രമണ കേസിന്‍റെ വിചാരണ നടത്തിയിരുന്നത്. ലഷ്‌കര്‍-ഇ-തൊയ്‌ബ നേതാക്കളായ സക്കീവുര്‍ റഹ്‌മാന്‍ ലഖ്‌വി, സറര്‍ ഷാ എന്നിവരടക്കം ഏഴു പേരുടെ വിചാരണയാണ് റാവല്‍പിണ്ടിയിലുള്ള അഡിയാല ജയിലിലെ ഭീകരവിരുദ്ധ കോടതിയില്‍ നടക്കുന്നത്.
വിചാരണ നടക്കുന്ന അഡിയാല ജയിലിന് കനത്ത സുരക്ഷയും റാണ ഒരുക്കിയിരുന്നു. ഒക്‌ടോബര്‍ 10ന് പ്രതികളുടെ അഭിഭാഷകരെ ഒഴിവാക്കിക്കൊണ്ട് വിചാരണ നടത്തിയതിനെ തുടര്‍ന്ന് ലഷ്‌കര്‍-ഇ-തൊയ്‌ബ പ്രവര്‍ത്തകര്‍ റാണയെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ ഭീകരാക്രമണക്കേസിലെ വിചാരണയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബാഖിര്‍ അലി റാണ ലാഹോര്‍ ഹൈക്കോടതി ജഡ്ജിക്ക് അപേക്ഷ നല്‍കിയത്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളുണ്ടെന്ന് കാണിച്ചാണ് റാണ ആവശ്യമുന്നയിച്ചതെങ്കിലും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള കനത്ത സമ്മര്‍ദ്ദം മൂലമാണ് റാണ പിന്മാറുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.