താലിബാന്‍ തലവന്‍ ഹക്കീമുള്ള മഹ്‌സൂദിന്‍റെ ജന്മഗ്രാമം കീഴടക്കിയെന്ന് പാക് സൈന്യം അവകാശപ്പെട്ടു. തെക്കന്‍ വസീറിസ്താനില്‍ താലിബാന്‍റെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാന നഗരമായ കോട്‌കായി ആണ് പിടിച്ചെടുത്തത്. താലിബാനുമായി തുറന്ന പോരാട്ടം തുടങ്ങി രണ്ടാമത്തെ ആഴ്‌ചയാണ് മഹ്‌സൂദ് താമസിക്കുന്ന കോട്കായി കീഴടക്കിയതായി പാക് സൈന്യം അവകാശവാദമുന്നയിച്ചിരിക്കുന്നത്.
മൂന്ന് ദിവസം നീണ്ട രൂക്ഷമായ ബോംബാക്രമണത്തിന് ശേഷം ഇന്നലെയാണ് താലിബാന്‍റെ ശക്തികേന്ദ്രമായ കോട്‌കായി പാക് സൈന്യം പിടിച്ചെടുത്തത്. അതേസമയം രണ്ടാഴ്ചയായി തുടരുന്ന പോരാട്ടത്തില്‍ 140 തീവ്രവാദികളെ വധിച്ചതായും 20 പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായും സൈനിക വക്താവ് പറഞ്ഞു. ഹക്കീമുള്ള മഹ്‌സൂദിന്റെ ഗ്രാമം കീഴടക്കിയെങ്കിലും മെഹ്സൂദിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് പാക് സൈന്യം പറയുന്നത്. അതേസമയം ആക്രമണം നടക്കുന്ന മേഖലയില്‍ നിന്നും ഒരുലക്ഷത്തോളം പേര്‍ പാലായനം ചെയ്തതിട്ടുണ്ട്.
കോട്‌കായി ഇപ്പോള്‍ പൂര്‍ണമായും സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സൈന്യം കോട്‌കായി മുഴുവന്‍ വളഞ്ഞു കഴിഞ്ഞിരുന്നുവെന്ന് സൈന്യം പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് താലിബാനെതിരായ തുറന്ന പോരാട്ടത്തിനായി 30,000 പേരടുങ്ങുന്ന സേനയെ പാകിസ്ഥാന്‍ നിയോഗിച്ചത്.
വെള്ളിയാഴ്‌ച പാകിസ്ഥാനില്‍ മൂന്നിടങ്ങളിലായി നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ 25 പേര്‍ മരിച്ചിരുന്നു. ഈ മാസം മാത്രം പാകിസ്ഥാനില്‍ നടന്ന ആക്രമണങ്ങളില്‍ ഇതുവരെ 200 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. തെക്കന്‍ വസീറിസ്ഥാനില്‍ താലിബാനെതിരായ സൈനിക നടപടി തുടരുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി ഇന്ന് വ്യക്തമാക്കിയിരുന്നു.
താലിബാനെതിരെയുള്ള നടപടി ലക്‌ഷ്യം കാണുമെന്നും താലിബാന്‍ തീവ്രവാദികളോട് പരാജയം സമ്മതിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗീലാനി വ്യക്തമാക്കി.