ഇസ്ലാമബാദ്, ബുധന്‍, 21 ഒക്ടോബര്‍ 2009( 15:33 IST )
തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇസ്ലാമിക് സര്‍വകലാശാലയില്‍ ചൊവ്വാഴ്ചയുണ്ടായ ചാവേറാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ സ്‌കൂളുകളും സര്‍വ്വകലാശാലകളും അടച്ചു. ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് ഗുരുതരമായി പരുക്കേല്ക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിരുന്നു. തെക്കന്‍ വസീറിസ്ഥാനിലെ പാക് മുന്നേറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ ആക്രമണം ഇനിയും തുടരുമെന്ന് താലിബാന്‍ അറിയിച്ചു.
അല്‍ക്വൊയ്ദയുടെയും താലിബാന്‍റെയും വേരോട്ടമുള്ള തെക്കന്‍ വസീറിസ്ഥാനില്‍ പാക് സൈന്യം ശക്തമായ ആക്രമണം നടത്തിവരികയാണ്. ഹെലികോപ്ടറുകളും ജെറ്റുകളും ഉപയോഗിച്ചാണ് പാകിസ്ഥാന്‍ വസീറിസ്ഥാനില്‍ ആക്രമണം നടത്തുന്നത്.
സൈന്യത്തിനെതിരെയുള്ള ആക്രമണം തുടങ്ങിയതിനു ശേഷം ആദ്യമായി നടന്ന ആക്രമണമായിരുന്നു ഇന്നലത്തെത്. പാകിസ്ഥാന്‍ ഇപ്പോള്‍ ഒരു യുദ്ധത്തിന്‍റെ വക്കിലാണെന്ന് കഴിഞ്ഞദിവസം നടന്ന ചാവേറാക്രമണത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക് പറഞ്ഞു.
ഇതിനിടെയാണ് ചാവേറക്രമണത്തില്‍ നിന്നുമുള്ള രക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ എല്ലാ സ്കൂളുകളും കോളജുകളും സര്‍വ്വകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തീവ്രവാദികള്‍ക്കെതിരായ പോരാട്ടം രൂക്ഷമായ വസീറിസ്ഥാനിലെ എല്ലാ വിദ്യാലയങ്ങളും ഒരാഴ്ചത്തേക്ക് അടച്ചിഒടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.