ഇസ്ലാമാബാദ്, തിങ്കള്‍, 19 ഒക്ടോബര്‍ 2009( 17:24 IST )
പാകിസ്ഥാനിലെ തെക്കന്‍ വസീറിസ്ഥാനില്‍ താലിബാന്‍ കേന്ദ്രങ്ങള്‍ക്കുനേരെ സൈന്യം ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. കൊല്ലപ്പെട്ട താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്സൂദിന്‍റെ പ്രവിശ്യയ്ക്ക് വളരെ അടുത്താണെന്ന് സൈനിക വക്താവ് അതാര്‍ അബ്ബാസ് പറഞ്ഞു. വസീറിസ്ഥാനിലെ സൈനിക ഓപ്പറേഷന്‍ സംബന്ധിച്ച് രാഷ്ട്രീയ-സൈനിക നേതൃത്വം ചര്‍ച്ച നടത്തി.
തെക്കന്‍ വസീറിസ്ഥാനില്‍ നിന്ന് വടക്കന്‍ വസീറിസ്ഥാനിലേക്കുള്ള എല്ലാ മാര്‍ഗ്ഗവും സൈന്യം അടച്ചിട്ടുണ്ട്. ഒരു വഴിക്കും തീവ്രവാദികള്‍ക്ക് രക്ഷപ്പെടാനാകില്ല. വളരെ ശക്തമായ മുന്നേറ്റമാണ് സൈന്യം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 30000ത്തോളം സൈനികരാണ് താലിബാനെതിരെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
അതേസമയം, സൈന്യം നടത്തുന്ന ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് താലിബാന്‍ വ്യക്തമാക്കി. ഈ യുദ്ധം താലിബാനുമേല്‍ അടിച്ചേല്‍പ്പിച്ചതാണ്. ആവസാന പോരാളിയും മരിച്ചുവീഴുന്നതുവരെ താലിബാന്‍റെ പ്രദേശങ്ങള്‍ സംരക്ഷിക്കുക തന്നെ ചെയ്യും. അതിനായി രക്തം ചിന്താന്‍ പോരാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പരാജയത്തിന് ഈ യുദ്ധം കാരണമാകും - താലിബാന്‍ വക്താവ് വ്യക്തമാക്കി.