അല്‍ക്വൊയ്ദയ്ക്ക് യൂറോപ്പില്‍ നിന്നും റിക്രൂട്ട്‌മെന്‍റ്
വാഷിംഗ്ടണ്‍, തിങ്കള്‍, 19 ഒക്ടോബര്‍ 2009( 14:50 IST )
അല്‍ക്വൊയ്ദ താലിബാന്‍ എന്നീ ഭീകര സംഘടനകള്‍ മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും യുഎസ്സില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുകയാണെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പരിശീലനം നല്‍കുന്നതായും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണ് താലിബാന്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നത്.
തങ്ങളുടെ രാജ്യത്തുനിന്നുള്ള ആളുകള്‍ തീവ്രവാദ ഏജന്‍സികളില്‍ ചേരുന്നത് തടയാനുള്ള തീവ്രശ്രമത്തിലാണ് ഈ രാജ്യങ്ങള്‍. ജനുവരിക്ക് ശേഷം 30 ജര്‍മന്‍കാര്‍ തീവ്രവാദ പരിശീലനത്തിനായി അമേരിക്കയിലേക്ക് പോയതായി ജര്‍മന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. ജര്‍മന്‍ താലിബാന്‍ എന്ന് വിളിക്കപ്പെടുന്ന സംഘടന രാജ്യത്ത് സ്ഥാപിക്കപ്പെട്ടു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഹാംബര്‍ഗില്‍ നിന്ന് 10 പേരടങ്ങുന്ന സംഘം കഴിഞ്ഞയാഴ്ചയാണ് പാകിസ്ഥാനിലേക്ക് പരിശീലനത്തിനായി പോയത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ പാകിസ്ഥാനിലേക്ക് പരിശീലനത്തിനായി പോയതായി പത്രം പറയുന്നു. നാല് സ്വീഡിഷ് പൌരന്‍മാരെയടക്കം 12 വിദേശികളെ പാക് അധികാരികള്‍ ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്തിരുന്നു.