ദേര ഇസ്മയില്‍ ഖാന്, തിങ്കള്‍, 19 ഒക്ടോബര്‍ 2009( 11:23 IST )
PRO
വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് താലിബാന്‍. തെക്കന്‍ വസീറിസ്ഥാനിലെ ശക്തികേന്ദ്രങ്ങള്‍ സംരക്ഷിക്കാന്‍ അവസാന തുള്ളി രക്തവും ചിന്തുമെന്ന് ഒരു താലിബാന്‍ വക്താവ് പറഞ്ഞു. മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ സൈന്യം പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാന്‍ അതിര്‍ത്തിയില്‍ താലിബാനെതിരെ നടക്കുന്ന സൈനിക നടപടിയുടെ ആദ്യ 24 മണിക്കൂറിനുള്ളില്‍ 60 ഭീകരരെ വധിച്ചു എന്നും ആറ് സൈനികര്‍ കൊല്ലപ്പെട്ടതായും പാക് സൈന്യം ഇന്നലെ പ്രസ്താവിച്ചിരുന്നു. എന്നാല്‍, സൈന്യത്തിന്‍റെ ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായതായി താലിബാന്‍ വക്താവ് ആസാം താരിഖ് പറഞ്ഞു. തങ്ങളുടെ ഭാഗത്ത് കുറച്ച് നഷ്ടം മാത്രമുണ്ടാക്കി ശത്രുവിനെ പരാജയപ്പെടുത്തേണ്ടത് എങ്ങനെയാണെന്ന് സംഘടനയ്ക്ക് അറിയാമെന്നും വക്താവ് പറഞ്ഞു.
ഈ യുദ്ധം താലിബാനുമേല്‍ അടിച്ചേല്‍പ്പിച്ചതാണ്. ആവസാന പോരാളിയും മരിച്ചുവീഴുന്നതുവരെ താലിബാന്‍റെ പ്രദേശങ്ങള്‍ സംരക്ഷിക്കുക തന്നെ ചെയ്യും. അതിനായി രക്തം ചിന്താന്‍ പോരാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പരാജയത്തിന് ഈ യുദ്ധം കാരണമാകും - വക്താവ് വ്യക്തമാക്കി.
17ആം തീയതിയാണ് പാകിസ്ഥാന്‍ സൈന്യം ദക്ഷിണ വസീറിസ്ഥാനില്‍ തെഹ്‌റിക്-ഇ-താലിബാനെതിരെ സൈനിക നടപടികള്‍ ആരംഭിച്ചത്. സ്പിങ്കേയ് റഗ്സായ്, ഗാസായ് എന്നീ ദക്ഷിണ വസീറിസ്ഥാന്‍ പ്രദേശങ്ങള്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഷാവംഗി, ഖെറോസ എന്നിവിടങ്ങളില്‍ ഭീകരര്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്. പാക് താലിബാന്‍ നേതാവ് ഹക്കിമുള്ള മെഹ്സൂദിന്റെ വീട് സ്ഥിതിചെയ്യുന്ന കൊത്കായില്‍ പ്രത്യേക ചെക്ക് പോസ്റ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകരെ പ്രവിശ്യയില്‍ പ്രവേശിപ്പിക്കുന്നത് വിലക്കിയതിനാല്‍ സ്വതന്ത്രമായ റിപ്പോര്‍ട്ടുകളും ലഭ്യമല്ല. 10000 പ്രാദേശിക ഭീകരരും മധ്യേഷ്യയില്‍ നിന്നടക്കമുള്ള 1500 വൈദേശിക ഭീകരരും പ്രവിശ്യയിലുണ്ടെന്നാണ് സൈന്യം കണക്കാക്കിയിരിക്കുന്നത്.
3310 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശം ലക്‍ഷ്യമാക്കിയാണ് സൈന്യം ആക്രമണം നടത്തുന്നത്. തെക്കന്‍ വസീറിസ്ഥാന്‍റെ പകുതിയോളം വരുമിത്. ഏകദേശം രണ്ടുമാസമെകിലും പോരാട്ടം നടത്തിയാലേ തീവ്രവാദികളെ തുരത്താനാകൂ എന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. 30000 സൈനികരെയാണ് താലിബാനെതിരെയുള്ള നടപടിക്കായി സൈന്യം നിയോഗിച്ചിട്ടുള്ളത്.