മന്ത്രിസഭായോഗം വെള്ളത്തിലായെന്ന് കേട്ടാല്‍ മാലിദ്വീപുകാര്‍ ഇനി തെറ്റിദ്ധരിക്കില്ല. കാരണം ലോകത്താദ്യമായി വെള്ളത്തിനടിയില്‍ മന്ത്രിസഭായോഗം ചേര്‍ന്ന് അവര്‍ ചരിത്രം കുറിച്ചുകഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രചാരണത്തിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു യോഗം മാലി സര്‍ക്കാര്‍ ഒരുക്കിയത്.
പ്രസിഡന്‍റ് മൊഹമ്മദ് നഷീദിന്‍റെ നേതൃത്വത്തിലായിരുന്നു മാലി സര്‍ക്കാര്‍ ലോകരാജ്യങ്ങള്‍ക്ക് വേണ്ടി വ്യത്യസ്തമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. സമുദ്രനിരപ്പില്‍ നിന്നും അഞ്ച് മീറ്റര്‍ (പതിനാറ് അടി) അടിയിലായിരുന്നു യോഗം. കൈകൊണ്ടുള്ള അടയാളങ്ങളും വെള്ളബോര്‍ഡും ഉപയോഗിച്ചായിരുന്നു മന്ത്രിമാര്‍ തമ്മിലുള്ള ആശയവിനിമയം നടന്നത്. മുപ്പത് മിനുട്ടുകളോളം മീറ്റിംഗ് നീണ്ടു.
പതിന്നാലംഗ മന്ത്രിസഭയിലെ പതിനൊന്ന് പേരും യോഗത്തില്‍ സംബന്ധിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ മൂന്ന് പേര്‍ വിട്ടുനില്‍ക്കുകയായിരുന്നു. നല്ല നീന്തല്‍കാരന്‍ കൂടിയായ പ്രസിഡന്‍റ് മുഹമ്മദ് നഷീദ് വെള്ളത്തിനടിയില്‍ വാര്‍ത്താസമ്മേളനവും നടത്തി.
കഴിഞ്ഞ രണ്ട് മാസത്തെ കഠിനമായ പരിശ്രമത്തിന് ശേഷമാണ് മന്ത്രിമാര്‍ ഈ സാഹസത്തിന് മുതിര്‍ന്നത്. ഏത് അടിയന്തരസാഹചര്യവും നേരിടാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയായിരുന്നു യോഗം ആരംഭിച്ചത്. നീന്തല്‍ വിദഗ്ധരുടെ സേവനവും ഏര്‍പ്പെടുത്തിയിരുന്നു.
യോഗം ചേരാനെത്തിയ മന്ത്രിമാര്‍ അണിഞ്ഞ നനഞ്ഞ കോട്ടുകള്‍ ഒപ്പിട്ട് പ്രൊട്ടക്ട് മാലിദ്വീപ് ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴി ലേലം ചെയ്യാനും പദ്ധതിയിട്ടിട്ടുണ്ട്.