വാഷിംഗ്ടണ്‍, ബുധന്‍, 14 ഒക്ടോബര്‍ 2009( 21:26 IST )
WD
വിവാദ എഴുത്തുകാരി തസ്ലീമ നസ്രീനെ രാജ്യം വിടാന്‍ ഇന്ത്യ നിര്‍ബന്ധിച്ചതായി തസ്ലീമയുടെ വെബ്സൈറ്റ്. ഡല്‍ഹിയില്‍ താമസിക്കാനായി ഓഗസ്റ്റില്‍ ഇന്ത്യയില്‍ എത്തിയെങ്കിലും സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയില്ലെന്നും തസ്ലീമ പറയുന്നു. മാത്രമല്ല, ഇന്ത്യ വിടാന്‍ സര്‍ക്കാര്‍ തസ്ലീമയെ നിര്‍ബന്ധിച്ചതായും വെബ്സൈറ്റ് പറയുന്നു.
“ഇന്ത്യയില്‍, കൊല്‍ക്കത്തയിലല്ലെങ്കില്‍ ഡല്‍ഹിയിലെങ്കിലും ജീവിക്കാന്‍ തയ്യാറായി തസ്ലീമ വന്നതാണ്. പക്ഷേ തസ്ലീമയുടെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ നിരസിച്ചു” - വെബ്സൈറ്റ് പറയുന്നു. അമേരിക്കയിലാണ് ഇപ്പോള്‍ തസ്ലീമ താമസിക്കുന്നത്.
‘ഇന്ത്യയില്‍ താമസിക്കരുത്’ എന്ന നിബന്ധനയോടെയാണ് ഇന്ത്യയില്‍ താമസിക്കാന്‍ തസ്ലീമയ്ക്കുള്ള അനുമതി സര്‍ക്കാര്‍ നീട്ടിക്കൊടുത്തതത്രേ. കഴിഞ്ഞ ഓഗസ്റ്റിലാണ് അടുത്ത വര്‍ഷം ഫെബ്രുവരി 16 വരെ ഇന്ത്യയില്‍ താമസിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ ഉപാധികള്‍ വച്ചുള്ള ഈ അനുമതി നല്‍കല്‍ വെറും പ്രഹസനമായിരുന്നു എന്നാണ് തസ്ലീമയുടെ വെബ്സൈറ്റില്‍ ഉള്ളത്.