സിംഗപ്പൂര്‍, ചൊവ്വ, 13 ഒക്ടോബര്‍ 2009( 16:02 IST )
സെപ്റ്റംബര്‍ 11ന് അമേരിക്കയിലുണ്ടായ ആക്രമണം പോലുള്ള അവസ്ഥയാണ് എല്ലാ ദിവസവും പാകിസ്ഥാനില്‍ നിലനില്‍ക്കുന്നതെന്ന് പാക് ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക് പറഞ്ഞു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന് പിന്തുണകൊടുക്കുന്നതിനാലാണിതെന്നും എന്നാല്‍ ഈ ത്യാഗത്തിന് മതിയായ പ്രതിഫലം രാജ്യത്തിന് ലഭിക്കുന്നില്ലെന്നും മാലിക് ചൂണ്ടിക്കാട്ടി.
ഭീകര വിരുദ്ധ പോരാട്ടത്തില്‍ അന്താരാഷ്ട്ര സമൂഹവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നത്കൊണ്ട് പാകിസ്ഥാന് അധികം പ്രയോജനമൊന്നും ലഭിക്കുന്നില്ലെന്ന് മാലിക് പറഞ്ഞതായി ഡെയിലി ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്‍റര്‍പോളിന്‍റെ എഴുപത്തിയെട്ടാമത് സെമിനാറില്‍ സംസാരിക്കുകയായിരുന്നു പാക് ആഭ്യന്തരമന്ത്രി.
മികച്ച പരിശീലനം നേടിയ ഭീകരരെ നേരിടാന്‍ പാകിസ്ഥാന് ആഗോള പിന്തുണ ആവശ്യമാണ്. നിയന്ത്രണാതീതമാകുന്നതിന് മുമ്പ് ഇത്തരം കുറ്റകൃത്യങ്ങള്‍ തടയേണ്ട ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാനിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് തങ്ങള്‍ പഠിച്ച പാഠമാണിത്. ആധുനിക ആയുധങ്ങളാണ് താലിബാന്‍ ഭീകരര്‍ ഉപയോഗിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ സഹായം അവര്‍ക്ക് ലഭിക്കുന്നുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അനധികൃത മരുന്ന് കടത്തല്‍, അനധികൃത പണമിടപാട്, ഭീകരവാദം എന്നിവ പരസ്പര ബന്ധമുള്ള കുറ്റകൃത്യങ്ങളാണെന്നും അര്‍ത്ഥവത്തായ സഹകരണത്തിലൂടെ മാത്രമ്രേ ഇവയെ പ്രതിരോധിക്കാനാവൂ എന്നും മാലിക് പറഞ്ഞു. ഭീകരവിരുദ്ധ പോരാട്ടത്തില്‍ അണിചേരാന്‍ ആഗോള സമൂഹത്തോട് മാലിക് ആവശ്യപ്പെട്ടു.