ബെല്‍ഫാസ്റ്റ്, തിങ്കള്‍, 12 ഒക്ടോബര്‍ 2009( 10:27 IST )
റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണം പാകിസ്ഥാനില്‍ തീവ്രവാദം എത്ര വലിയ ഭീഷണിയായിരിക്കുന്നു എന്നതാണ് കാണിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ പറഞ്ഞു. എന്നാല്‍ പാകിസ്ഥാനിലെ ആണവായുധങ്ങള്‍ക്ക് ഭീകരര്‍ വെല്ലുവിളി സൃഷ്ടിക്കുന്നില്ലെന്നും അവര്‍ അറിയിച്ചു.
നിലവില്‍ പാക് ആണവായുധങ്ങള്‍ ഭീകരരുടെ കൈവശമെത്താനുള്ള സാധ്യതയില്ല. അതേസമയം സൈനികാസ്ഥാനത്തെ ആക്രമണം സുരക്ഷാ വീഴചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാജ്യത്തെ സര്‍ക്കാരിന് ഭീകരര്‍ തുടര്‍ച്ചയായി വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ആണവായുധങ്ങളിന്‍മേലുള്ള പാക് സര്‍ക്കാരിന്‍റെയും സൈന്യത്തിന്‍റെയും നിയന്ത്രണത്തില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും ഹിലാരി പറഞ്ഞു.
തന്‍റെ അഞ്ച് ദിവസത്തെ യൂറോപ്പ്, റഷ്യ സന്ദര്‍ശനത്തിന്‍റെ രണ്ടാം പാദത്തില്‍ ലണ്ടനിലെത്തിയ ഹിലാരി ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഡേവിഡ് മിലിബാന്‍ഡുമായി ചര്‍ച്ച നടത്തി. തങ്ങളുടെ ആണവ പദ്ധതികള്‍ സമാധാനപരമാണെന്ന് തെളിയിക്കാനുള്ള ബാധ്യത ഇറാന്‍ നിറവേറ്റുന്നതിന് അധികകാലം കാത്തുനില്‍ക്കാനാവില്ലെന്ന് ഹിലാരി മുന്നറിയിപ്പ് നല്‍കി. വടക്കന്‍ അയര്‍ലാന്‍ഡിലെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് യുഎസ് തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് ഹിലാരി അറിയിച്ചു.
പാകിസ്ഥാനില്‍ ഏതാനും മാസങ്ങളായി സൈനിക കേന്ദ്രങ്ങളേയും അധികാര കേന്ദ്രങ്ങളേയുമാണ് ഭീകരര്‍ ലക്‍ഷ്യമിട്ടുകൊണ്ടിരിക്കുന്നത്. റാവല്‍പിണ്ടി സൈനികാസ്ഥാനത്ത് താലിബാന്‍ ഭീകരര്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ ഏതാനും സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ബന്ദികളാക്കിയവരെ ഇന്നലെ സൈന്യം നടത്തിയ ഒരു മുന്നേറ്റത്തിലൂടെ മോചിപ്പിക്കാനായി.
പാകിസ്ഥാനിലെ സാഹചര്യങ്ങളും അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധിയും ഇറാന്‍റെ ആണവ പദ്ധതികളുമാണ് തങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് ഹിലാരിയോടൊത്ത് മാധ്യമങ്ങളെ കണ്ട മിലിബാന്‍ഡ് അറിയിച്ചു.