ഇസ്ലാമാബാദ്, ഞായര്‍, 11 ഒക്ടോബര്‍ 2009( 15:10 IST )
പാക് കമാന്‍ഡോകള്‍ നടത്തിയ നാടകീയമായ ഒരു മുന്നേറ്റത്തില്‍ റാവല്‍പിണ്ടി സൈനിക കേന്ദ്രത്തില്‍ താലിബാന്‍ ഭീകരര്‍ ബന്ദികളാക്കിയവരില്‍ 42 പേര്‍ മോചിതരായി. ഇരുപത് മണിക്കൂര്‍ നിണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ബന്ദികള്‍ മോചിതരായത്.
ഇന്ന് പുലര്‍ച്ചയോടെയാണ് സൈന്യം ആക്രമണം നടത്തിയത്. പോരാട്ടത്തില്‍ എട്ട് ഭീകരരും മൂന്ന് ബന്ദികളും കൊല്ലപ്പെട്ടു. സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിലെ രണ്ട് കമാന്‍ഡോകളും ആറ് സുരക്ഷാ ഒദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.
സൂയിസൈഡ് ജാക്കറ്റുകള്‍ ധരിച്ച ഭീകരര്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും എന്നാല്‍ സൈന്യം നടത്തിയ പെട്ടന്നുള്ള നീക്കത്തില്‍ സ്ഫോടനം നടത്തുന്നതില്‍ ഭീകരര്‍ പരാജയപ്പെട്ടെന്നും മേജര്‍ ജനറല്‍ അബ്ബാസ് അറിയിച്ചു.
അതേസമയം, സൈന്യം ആക്രമണം തുടങ്ങിയതുമുതല്‍ ഇവിടെ നിന്ന് രണ്ടോ മൂന്നോ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി സമീപവാസികള്‍ അറിയിച്ചു. രണ്ട് ഡസനോളം സൈനികരേയും ഏതാനും സാധാരണ പൌരന്‍മാരെയുമാണ് റാവല്‍പിണ്ടിക്ക് സമീപമുള്ള ഗാരിസണ്‍ പട്ടണത്തെ സൈനിക ആസ്ഥാനത്ത് ഭീകരര്‍ ശനിയാഴ്ച ബന്ദികളാക്കിയത്. ആറ് സൈനികരെ ഭീകരര്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
അഖീല്‍ എന്ന ഭീകരനേതാവിനെ പരുക്കുകളോടെ സൈന്യം പിടികൂടി. ഇയാളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. മാര്‍ച്ചില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ നടന്ന ആക്രമണത്തിന്‍റെയും സൂത്രധാരന്‍ അഖീലാണെന്നാണ് കരുതപ്പെടുന്നത്.
ഇന്ന് ബന്ദികളെ മോചിപ്പിക്കാന്‍ സൈന്യം നടത്തിയ വിജയകരമായ പ്രവര്‍ത്തനത്തെ പാക് ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക് അഭിനന്ദിച്ചു. ഇസ്ലാമാബ്ദിലെ ഒരു വീട്ടില്‍ താമസിച്ചുകൊണ്ടാണ് ഭീകരര്‍ ആക്രമണം ആസുത്രണം ചെയ്തിരുന്നതെന്നും മാലിക് പറഞ്ഞു.