റാവല്‍പിണ്ടി, ഞായര്‍, 11 ഒക്ടോബര്‍ 2009( 11:02 IST )
പാകിസ്ഥാന്‍ സൈനിക ആസ്ഥാനത്ത് ഭീകരര്‍ ബന്ദികളാക്കിയിരുന്ന 25 പേരെ സൈനിക കമാന്‍ഡോകള്‍ ഇന്ന് പുലര്‍ച്ചെ മോചിപ്പിച്ചു. മേജര്‍ ജനറല്‍ അത്തര്‍ അബ്ബാസ് ആണ് ഇക്കാര്യമറിയിച്ചത്. ബന്ദികളില്‍ അഞ്ച് പേര്‍ സാധാരണ പൌരന്‍മാരായിരുന്നു.
ബന്ദികളെ മോചിപ്പിക്കാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് ബന്ധികളും കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ നാല് ഭീകരരും കൊല്ലപ്പെട്ടുട്ടുണ്ട്. സൂയിസൈഡ് ജാക്കറ്റുകള്‍ ധരിച്ച ഭീകരര്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും എന്നാല്‍ സൈന്യം നടത്തിയ പെട്ടന്നുള്ള നീക്കത്തില്‍ സ്ഫോടനം നടത്തുന്നതില്‍ ഭീകരര്‍ പരാജയപ്പെട്ടെന്നും അബ്ബാസ് അറിയിച്ചു.
അതേസമയം, സൈന്യം ആക്രമണം തുടങ്ങിയതുമുതല്‍ ഇവിടെ നിന്ന് രണ്ടോ മൂന്നോ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി സമീപവാസികള്‍ അറിയിച്ചു. രണ്ട് ഡസനോളം സൈനികരേയും ഏതാനും സാധാരണ പൌരന്‍മാരെയുമാണ് റാവല്‍പിണ്ടിക്ക് സമീപമുള്ള ഗാരിസണ്‍ പട്ടണത്തെ സൈനിക ആസ്ഥാനത്ത് ഭീകരര്‍ ശനിയാഴ്ച ബന്ദികളാക്കിയത്. ആറ് സൈനികരെ ഭീകരര്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ന് ബന്ധികളെ മോചിപ്പിക്കാന്‍ സൈന്യം നടത്തിയ വിജയകരമായ പ്രവര്‍ത്തനത്തെ പാക് ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക് അഭിനന്ദിച്ചു. ഇസ്ലാമാബ്ദിലെ ഒരു വീട്ടില്‍ താമസിച്ചുകൊണ്ടാണ് ഭീകരര്‍ ആക്രമണം ആസുത്രണം ചെയ്തിരുന്നതെന്നും മാലിക് പറഞ്ഞു.