റാവല്‍പ്പിണ്ടിയിലെ സൈനിക ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സൈനിക മേധാവി പര്‍വേസ് അഷ്ഫാഖ് കയാനിയുടെ വസതിക്ക് സമീപം സ്ഫോടനവും വെടിവയ്പ്പുമുണ്ടായത്. സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തിയ നാല് ഭീകരരേയും വധിച്ചതായി സൈന്യം അറിയിച്ചു.
ആയുധധാരികളായ ഒരു സംഘം ഭീകരര്‍ സഞ്ചരിച്ച വാഹനം ഹെഡ്ക്വാര്‍ട്ടേഴ്സിനടുത്തുള്ള ചെക്പോസ്റ്റില്‍ സൈന്യം തടഞ്ഞതിനെ തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായത്. ഭീകരര്‍ സൈന്യത്തിനുനേരെ ഗ്രനേഡ് എറിഞ്ഞ ശേഷമാണ് വെടിവയ്പ്പ് നടന്നത്. സൈനിക ആസ്ഥാനത്തില്‍ പ്രവേശിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഗ്രനേഡ് എറിഞ്ഞത്.
സ്ഥിതിഗതികള്‍ സാധാരണ നിലയിലായതായി സൈനിക വക്താവ് മേജര്‍ ജനറല്‍ അതാര്‍ അബ്ബാസ് പറഞ്ഞു. വെള്ള വാനിലെത്തിയ ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യ ചെക്പോസിലെ ഏതാനും ഗാര്‍ഡുകളെ വധിച്ച ശേഷമാണ് ഭീകരര്‍ രണ്ടാമത്തെ ചെക്പോസ്റ്റില്‍ എത്തിയതെന്ന് അബ്ബാസ് പറഞ്ഞു.
വെള്ളിയാഴ്ച പെഷവാറിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പെഷവാറിലെ യുഎന്‍ ഓഫീസിലും തീവ്രവാദികള്‍ സ്ഫോടനം നടത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ഏറ്റവും വലിയ ആക്രമണമാണിത്