വാഷിംഗ്ടണ്‍:, ബുധന്‍, 7 ഒക്ടോബര്‍ 2009( 13:55 IST )
താലിബാനും അല്‍ക്വൊയ്ദയുമായി പാകിസ്ഥാന്‍ സൈന്യം ശക്തമായ പോരാട്ടം നടത്തുമ്പോള്‍ത്തന്നെ ഇന്ത്യയാണ് പാകിസ്ഥാന്‍റെ ഏറ്റവും വലിയ ഭീഷണി എന്നാണ് രാജ്യത്തെ ഭരണാധികാരികളും ഐ എസ് ഐയും വിശ്വസിക്കുന്നതെന്ന് അമേരിക്ക. താലിബാന്‍, അല്‍ക്വൊയ്ദ എന്നീ സംഘടനകളേക്കാള്‍ ഇന്ത്യയെയാണ് പാകിസ്ഥാന്‍ വലിയ ഭീഷണിയായി കാണുന്നതെന്ന് യുഎസ് സൈനിക കമാന്‍ഡര്‍ ജനറല്‍ ഡേവിഡ് പീട്രസ് പറഞ്ഞു.
സ്വാത് താഴ്വരയില്‍ തീവ്രവാദികള്‍ക്കെതിരെ വിജയകരമായ നടപടിയാണ് പാക് സൈന്യം നടത്തിയത്. വലിയൊരു വിഭാഗം ഭീകരരെ മേഖലയില്‍ നിന്ന് തുടച്ചുനീക്കാന്‍ സൈന്യത്തിന് സാധിച്ചു. നിരവധി താലിബാന്‍ തീവ്രവാദികള്‍ വധിക്കപ്പെടുന്നതിനും അറസ്റ്റിലാകുന്നതിനും സൈനിക നടപടികൊണ്ട് സാധിച്ചുവെന്ന് പീട്രസ് പറഞ്ഞു.
കേന്ദ്രഭരണത്തിലുള്ള ഗോത്ര മേഖലകളില്‍ നിരവധി തവണ പാക് സൈന്യം ആക്രമണം നടത്തി. താലിബാന്‍റെ ശക്തികേന്ദ്രമായ തെക്കന്‍ വസീറിസ്ഥാന് ചുറ്റും സൈന്യം വലയം ചെയ്തിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹഖാനി നെറ്റ്‌വര്‍ക്ക് അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പീട്രസ് ചൂണ്ടിക്കാട്ടി.