അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ എട്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സൈനിക പോസ്റ്റുകള്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. ഏഴ് അഫ്ഗാന്‍ സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടുട്ടുണ്ട്.
എട്ടുവര്‍ഷത്തിനിടെ യുഎസ് സൈന്യത്തിനുനേരെ അഫ്ഗാനില്‍ നടക്കുന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണങ്ങളിലൊന്നാണിത്. അമേരിക്കന്‍ സേന തിരിച്ചടിച്ചതായും ശത്രുപക്ഷത്ത് കൂടുതല്‍ നാശമുണ്ടായതായും അമേരിക്കന്‍ സേന അവകാശപ്പെട്ടു.
ഇന്നലെ രാവിലെയാണ് മേഖലയില്‍ സൈന്യം തെരച്ചില്‍ ആരംഭിച്ചത്. റെയ്ഡ് തുടങ്ങി മണീക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് രണ്ട് സൈനിക പോസ്റ്റുകള്‍ താലിബാന്‍ ആക്രമിച്ചത്. സ്വാത് താഴ്വരയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ തെരച്ചിലുകളെ തുടര്‍ന്ന് താലിബാന്‍ ഈ മേഖലയിലേക്ക് കുടിയേറിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.