ജക്കാര്‍ത്ത, വ്യാഴം, 1 ഒക്ടോബര്‍ 2009( 13:29 IST )
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം. ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
464 മരണങ്ങള്‍ മാത്രമാണ് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സുമാത്രയിലെ ആറ് ജില്ലകളില്‍ നിന്നുള്ളവരുടെ മരണങ്ങളാണ് സ്ഥിരീകരിച്ചത്. പരുക്കേറ്റവരുടെ എണ്ണം സംബന്ധിച്ചും വ്യക്തമായ കണക്കുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
റിക്ടര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ അനുഭവപ്പെട്ടത്. തുടര്‍ന്ന് 6.2 രേഖപ്പെടുത്തിയ തുടര്‍ ചലനവും അനുഭവപ്പെട്ടു. ആയിരത്തിലധികം പേര്‍ മരിച്ചതായാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍
അതേസമയം, ഇന്തോനേഷ്യയില്‍ ഇന്ന് വീണ്ടും ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സുമാത്ര ദ്വീപില്‍ത്തന്നെയാണ് ഉണ്ടായത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.