വാഷിംഗ്ടണ്‍, വ്യാഴം, 1 ഒക്ടോബര്‍ 2009( 11:26 IST )
പാകിസ്ഥാന് നല്‍കുന്ന സൈനികേതര സഹായം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചുകൊണ്ടുള്ള ബില്‍ യുഎസ് പ്രതിനിധി സഭ പാസാക്കി. 750 കോടി ഡോളറാണ് പാകിസ്ഥാന് അമേരിക്ക നല്‍കുന്നത്. സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലെ വികസനത്തിനാണ് സാമ്പത്തിക സഹായം.
അടുത്ത അഞ്ച് വര്‍ഷമാണ് സാമ്പത്തിക സഹായം നല്‍കുക. പ്രതിവര്‍ഷം 150 കോടി ഡോളറാണ് പാകിസ്ഥാന് ലഭിക്കുക. ബില്ലിന് നേരത്തെ അമേരിക്കന്‍ സെനറ്റ് അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ അറിയിച്ചിരുന്നു. ഫ്രണ്ട് ഓഫ് ഡമോക്രാറ്റിക് പാകിസ്ഥാന്‍ യോഗത്തില്‍ സംസാരിക്കവെയാണ് ബില്ലിന് സെനറ്റ് അംഗീകാരം നല്‍കിയതായി അറിയിച്ചത്.
ബില്ലിന്‍ അംഗീകാരം നല്‍കിയ പ്രതിനിധി സഭയുടെ തീരുമാനം സെനറ്റര്‍ ജോണ്‍ കെറി സ്വാഗതം ചെയ്തു. പാകിസ്ഥാന് കൂടുതല്‍ ധനസഹായം നല്‍കുന്നതിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പാകിസ്ഥാനുള്ള സഹായം മൂന്നിരട്ടിയാക്കിയത്. ബില്ലില്‍ പ്രസിഡന്‍റ് ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമപരമാകും.