ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » മിസൈല്‍ പരീക്ഷണം: ഇറാന് യുഎസ് വിമര്‍ശനം (U.S. condemns Iran's missile tests)
 
ഇറാന്‍റെ മിസൈല്‍ പരീക്ഷണങ്ങളെ അമേരിക്ക ശക്തമായി അപലപിച്ചു. പ്രകോപനപരമായ നടപടിയാണ് ഇറാന്‍റേതെന്നും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇറാന്‍ കൂടുതല്‍ ഒറ്റപ്പെടുന്നതിന് പരീക്ഷണങ്ങള്‍ കാരണമാകുമെന്നും വൈറ്റ്‌ഹൌസ് പ്രസ് സെക്രട്ടറി റോബര്‍ട്ട് ഗിബ്ബ്‌സ് പറഞ്ഞു.

രണ്ട് ദീര്‍ഘദൂര മിസൈലുകളും ഏതാനും ഹ്രസ്വദൂര മിസൈലുകളും ഇറാന്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയിരുന്നു. ഇസ്രയേലിലും ഏതാനും പാശ്ചാത്യ രാജ്യങ്ങളിലും ആക്രമണം നടത്താന്‍ ശേഷിയുള്ള മിസൈലുകളാണ് ഇറാന്‍ പരിക്ഷിച്ചത്. ഇറാന്‍റെ ശത്രുക്കള്‍ക്കുള്ള താക്കീതായാണ് ആണവ പരീക്ഷണത്തെ ഇറാന്‍ വിശേഷിപ്പിച്ചത്.

ആണവ സമ്പുഷ്ടീകരണത്തിന്‍റെ ഭാഗമായി ഒരു പുതിയ പ്ലാന്‍റ് കൂടി പ്രവര്‍ത്തന സജ്ജമായതായി ഇറാന്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പാശ്ചാത്യ ശക്തികളും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. ഇറാന്‍റെ ആണവ പദ്ധതികള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ പ്ലാന്‍റുകളെ കുറിച്ച് ഇറാന്‍ വെളിപ്പെടുത്തിയതും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതും.

ബ്രിട്ടന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളും ഇറാന്‍റെ ആണവ പരീക്ഷണങ്ങളെ അപലപിച്ചു. അതേസമയം ആണവ പദ്ധതി വിവാദവും മിസൈല്‍ പരീക്ഷണവും തമ്മില്‍ ബന്ധമില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍