ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » മിസൈല്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല: റഷ്യ (Missile plan not shelved: Russia)
 
യൂറോപ്പില്‍ ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാ‍നുള്ള നീക്കം അമേരിക്ക മരവിപ്പിച്ചെങ്കിലും മിസൈല്‍ വിന്യാസം തങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. പോളണ്ടിനടുത്ത് ക്‍ലാനിംഗ്രഡില്‍ മിസൈല്‍ വിന്യാസം നടത്താനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ലെന്ന് റഷ്യന്‍ സൈനിക മേധാവി നിക്കോളായ് മകറോവ് അറിയിച്ചു.

അമേരിക്ക മിസൈല്‍ പ്രതിരോധ സംവിധാനം ഉപേക്ഷിച്ചിട്ടില്ലെന്നും നിലവിലുള്ള സംവിധാനത്തെ കടല്‍ പ്രതിരോധ ഘടകമായി മാറ്റുക മാത്രമാണ് ചെയ്തതെന്നും നിക്കോളായ് വ്യക്തമാക്കി. യൂറോപ്പില്‍ ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാ‍നുള്ള നീക്കം മരവിപ്പിച്ചതായി യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ വ്യക്തമാക്കിയിരുന്നു. യു എസ് പദ്ധതിയുമായി മുന്നോ‍ട്ട് പോകുകയാണെങ്കില്‍ ക്‍ലാനിംഗ്രഡില്‍ ഹൃസ്വദൂര മിസൈലുകള്‍ വിന്യസിക്കുമെന്ന് റഷ്യ നേരത്തെ ഭീഷണി മുഴക്കിയ സാഹചര്യത്തിലായിരുന്നു ഇത്.

അമേരിക്ക മിസൈല്‍ പ്രതിരോധ സംവിധാനവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ പ്രതിരോധ നടപടി എന്ന നിലയിലായിരിക്കും ക്‍ലാനിംഗ്രഡില്‍ മിസൈലുകള്‍ വിന്യസിക്കുകയെന്നും റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

ക്‍ലാനിംഗ്രഡില്‍ മിസൈല്‍ വിന്യാസം നടത്തുന്നത് റഷ്യ ജനുവരിയില്‍ താല്‍കാലികമായി അവസാനിപ്പിച്ചിരുന്നു. അമേരിക്കയുടെ യൂറോപ്പിലെ പ്രതിരോധനയത്തില്‍ മാറ്റം വന്നതിനെ തുടര്‍ന്നായിരുന്നു ഇത്. അതേസമയം ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നും ഉണ്ടായേക്കാവുന്ന ആക്രമണങ്ങള്‍ തടയാനാണ് പോളണ്ടിലും ചെക്ക് റിപ്പബ്ലിക്കിലും മിസൈല്‍ പ്രതിരോധ റഡാറുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നാണ് അമേരിക്കന്‍ ഭാഷ്യം.

എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള നീക്കമായാണ് അമേരിക്കന്‍ നടപടികളെ റഷ്യ വീക്ഷിച്ചിരുന്നത്. ശീതസമരത്തിന് ശേഷം റഷ്യ - യുഎസ് നയതന്ത്ര ബന്ധം ഏറ്റവും കൂടുതല്‍ മോശമാവാന്‍ ഈ നടപടികള്‍ കാരണമായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍