വാഷിംഗ്ടണ്‍, വെള്ളി, 18 സെപ്റ്റംബര്‍ 2009( 16:06 IST )
PRO
PRO
രണ്ട് വര്‍ഷം മുമ്പ് ചീഫ് ജസ്റ്റിസ് ഇഫ്തീക്കര്‍ ചൌധരിയെ പുറത്താക്കിയ നടപടി തെറ്റായിപ്പോയെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ്. ടെക്സാസിലെ ട്രിനിറ്റി യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രസംഗത്തിലാണ് മുഷറഫ് ഇങ്ങനെ പറഞ്ഞത്.
ചീഫ് ജസ്റ്റിസിന്‍റെ പുറത്താക്കലിനെത്തുടര്‍ന്ന് ഉണ്ടായ സംഭവ വികാസങ്ങള്‍ കണ്ടപ്പോഴാണ് ചെയ്തത് തെറ്റായിപ്പോയെന്ന് തനിക്ക് മനസ്സിലായതെന്ന് മുഷറഫ് പറഞ്ഞു. ഇഫ്തീക്കറിനെതിരെ സുപ്രീം ജുഡീഷ്യല്‍ കൌണ്‍സിലിന് റെഫറന്‍സ് അയച്ചത് തെറ്റായിപ്പോയി. തന്‍റെ നടപടി രാജ്യത്ത് അസ്വസ്ഥത പടരാന്‍ കാരണമായതായും മുഷറഫ് സമ്മതിച്ചു. ഭാവിയില്‍ ഇത്തരമൊരു നീക്കത്തിന് താന്‍ മുതിരില്ലെന്നും മുന്‍ പട്ടാളമേധാവി പറഞ്ഞതായി എആര്‍ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ചൌധരിയെ പുറത്താക്കുന്ന സമയത്ത് തനിക്ക് അദ്ദേഹത്തോട് യാതൊരു വക്തി വിദ്വേഷവും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ സമയത്ത് ജനാധിപത്യ സംവിധാനത്തെ സംരക്ഷിക്കാന്‍ ചീഫ് ജസ്റ്റിസിനെ പുറത്താക്കുകയല്ലാതെ തനിക്ക് വേറെ മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും മുഷറഫ് വ്യക്തമാക്കി.
2007 നവംബറിലാണ് അധികാര ദുര്‍വിനിയോഗം ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ചൌധരിയെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് മുഷറഫ് നീക്കം ചെയ്തത്. എങ്കിലും ഈ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ അധികാരത്തില്‍ പുനസ്ഥാപിച്ചിരുന്നു. 2007 നവംബറില്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച മുഷറഫിന്‍റെ നടപടി ഭരണഘടനാ വിരുദ്ധമായി സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു.