ഫിജിയെ കോമണ്‍വെല്‍ത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു
വെല്ലിംഗ്ടണ്‍, ബുധന്‍, 2 സെപ്റ്റംബര്‍ 2009( 10:29 IST )
ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രമായ ഫിജിയെ കോമണ്‍വെല്‍ത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആ രാജ്യം തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.
ഏറെ ദു;ഖകരമായ തീരുമാനമായിരുന്നു ഇതെന്ന് കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍ കമലേഷ് ശര്‍മ പറഞ്ഞു. 2006 ഡിസംബറില്‍ സിവിലിയന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരത്തിലേറിയതുമുതല്‍ ആ രാജ്യത്ത് ഒരു ഇടക്കാല സര്‍ക്കാരിനെ നിയമിച്ച് ജനാധിപത്യം പുനസ്ഥാപിക്കാന്‍ കോമണ്‍വെല്‍ത്ത് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും ശര്‍മ പറഞ്ഞു.
ഫിജിയുടെ സൈനിക കമാന്‍ഡറും ഇടക്കാല പ്രധാനമന്ത്രിയുമായ വോറെഖ് ബെയ്നിമാരമയോട് ഒരു തെരഞ്ഞെടുപ്പ് സമയം നിശ്ചയിക്കാന്‍ കോമണ്‍വെല്‍ത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അദ്ദേഹം തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഫിജിയെ സസ്പെന്‍ഡ് ചെയ്യാന്‍ അംഗരാഷ്ട്രങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനാല്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ സര്‍ക്കാര്‍തല, മന്ത്രിതല യോഗങ്ങളില്‍ ഫിജിക്ക് പങ്കെടുക്കാനാവില്ല. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഫിജിക്ക് പങ്കെടുക്കാനാവില്ല. നൈജീരിയയ്ക്ക് ശേഷം കോമണ്‍വെല്‍ത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെടുന്ന രണ്ടാമത്തെ രാഷ്ട്രമാണ് ഫിജി.