വാഷിംഗ്ടണ്‍, വ്യാഴം, 13 ഓഗസ്റ്റ് 2009( 13:32 IST )
പാക് താലിബാന്‍ മേധാവി ബെയ്‌ത്തുള്ള മെഹ്‌സൂദിന്റെ മരണം പാക്കിസ്ഥാന്റെ സുരക്ഷാ ശ്രമങ്ങളിലെ ഏറ്റവും വലിയ നേട്ടമാണെന്ന് യു എസിന്റെ അഫ്‌ഗാന്‍, പാക് പ്രത്യേക ദൂതന്‍ റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക്. അമേരിക്കയെ സംബന്ധിച്ച് ഇക്കാര്യം സന്തോഷമുള്ള ഒന്നാണെന്ന് അദ്ദേഹം വാഷിംഗ്ടണില്‍ പറഞ്ഞു.
മെഹ്‌സൂദിന് മരണം സംഭവിച്ചുവെന്ന് 90 ശതമാനവും ഉറപ്പാണെന്ന് വാഷിംഗ്ടണ്‍ വൃത്തങ്ങള്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് അഞ്ചിന് തെക്കന്‍ വസീറിസ്ഥാനിലെ മെഹ്സൂദിന്റെ ഭാര്യാവസതിക്ക് നേരെയുണ്ടായ മിസൈലാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
മെഹ്സൂദ് പാക്കിസ്ഥാന്‍കാരെ ലക്‍ഷ്യം വച്ചുകൊണ്ടുള്ള അല്‍ ഖ്വയ്‌ദയുടെ ഒരു സ്വതന്ത്ര ഏജന്റായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹോള്‍ബ്രൂക്ക് പറഞ്ഞു. ഗോത്രപ്രദേശങ്ങളിലെ താലിബാന്‍ ഒളിസംഘങ്ങളെക്കുറിച്ചും പാകിസ്ഥാന്‍-അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തി സുരക്ഷാ ശ്രമങ്ങളെപ്പറ്റിയുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാന്‍ ജനതയ്ക്കിടയിലുള്ള താലിബാന്‍ വിരുദ്ധ മനോവികാരത്തെയും അദ്ദേഹം പ്രശംസിച്ചു.പാകിസ്ഥാനില്‍ തുടരുന്ന ചാവേര്‍ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. രണ്ടു ദിവസത്തിനകം പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് ഹോള്‍ബ്രൂക്ക് അറിയിച്ചു.