ദക്ഷിണ ഫിലിപ്പീന്‍സിലുണ്ടായ ഒരു ഏറ്റുമുട്ടലില്‍ 23 സൈനികരും 20ലധികം മുസ്ലീം തീവ്രവാദികളും കൊല്ലപ്പെട്ടു. ബാസിലാന്‍ ദ്വീപിലെ ഉംഗായ പുകാന്‍ പട്ടണത്തിലാണ് ഒരു ദിവസത്തോളം നീണ്ട ഏറ്റുമുട്ടലുണ്ടായത്.
23 പട്ടാളക്കാരുടെയും 20 അബു സയ്യാഫ് തീവ്രവാദികളുടെയും മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടെടുക്കാനായിട്ടുണ്ടെന്ന് റീജിയണല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ബെഞ്ചമിന്‍ ഡൊളോര്‍ഫിനോ പറഞ്ഞു. പരുക്കേറ്റ നാലോളം പട്ടാളക്കാര്‍ വ്യോമമാര്‍ഗം സാംബോംഗ പട്ടണത്തിലേക്ക് രക്ഷപ്പെട്ടു.
പ്രദേശത്തെ ഒരു അബു സയ്യാഫ് ക്യാമ്പ് സൈന്യം ആക്രമിച്ചതോടെയാണ് പോരാട്ടം തുടങ്ങിയത്. നിരവധി ബോംബുകളും ആയുധ ശേഖരങ്ങളും ഇവിടെ നിന്ന് കണ്ടെടുക്കാനായതായി സൈന്യം അറിയിച്ചു. പോരാട്ടം അവസാനിച്ചെങ്കിലും സൈന്യം ഇപ്പോഴും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.
രണ്ട് ദശാബ്ദക്കാലം മുമ്പ് രൂപം കൊണ്ട അബു സയ്യാഫ് അല്‍കൊയ്ദയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. പ്രദേശത്തെ കൃസ്ത്യന്‍ വിഭാഗത്തില്‍പെട്ടവരേയും വിദേശികളേയുമാണ് ഇവര്‍ പ്രധാനമായും ലക്‍ഷ്യമിടുന്നത്.