സ്വാത് താഴ്വരയിലെ താലിബാന്‍ നേതാവ് മൌലാന ഫസലുള്ള കൊല്ലപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു. ഫസലുള്ള ജീവനോടെ ഉണ്ടെന്നും അദ്ദേഹത്തിന് പരുക്കേറ്റതായ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഫസലുള്ളയുടെ വക്താവ് മുസ്ലിം ഖാന്‍ പറഞ്ഞു.
ഫസലുള്ള കൊല്ലപ്പെട്ടതായി ഈ മാസമാദ്യം പാക് സൈന്യവും മാധ്യമങ്ങളും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം താലിബാനോ പാക് സര്‍ക്കാരോ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ ലക്‍ഷ്യമാക്കി സൈന്യം നടത്തിയ ആക്രമണത്തില്‍ ഫസലുള്ളയ്ക്ക് പരിക്കേറ്റതായി പാക് ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക് അറിയിച്ചിരുന്നു. ഇതാണ് ഫസലുള്ളയുടെ വക്താവ് ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്.
ഫസലുള്ളയുടെ വയര്‍ലെസില്‍ നിന്നുള്ള സിഗ്നലുകള്‍ പിന്തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ ഒളിത്താവളത്തില്‍ ആക്രമണം നടത്തിയാണ് അദ്ദേഹത്തെ വധിച്ചതെന്നായിരുന്നു സൈന്യത്തിന്‍റെ അവകാശവാദം. ഏപ്രില്‍ 26 മുതലാണ് സ്വാതില്‍ താലിബാനെതിരെ സൈനിക നടപടികള്‍ ആരംഭിച്ചത്.
താലിബാന്‍റെ ഉന്നത നേതാക്കളിലൊരാളായ ബെയ്ത്തുള്ള മെഹ്സൂദ് കൊല്ലപ്പെട്ടതായി നേരത്തെ വാര്‍ത്ത വന്നിരുന്നുവെങ്കിലും പിന്നീട് വാര്‍ത്ത തെറ്റാണെന്ന് വ്യക്തമായിരുന്നു |