നവംബറിലെ മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് അറസ്റ്റിലായ ലഷ്കര്‍-ഇ-തൊയ്ബ നേതാവ് സക്കി-ഉര്‍-റഹ്മാന്‍ ലഖ്‌വി ആണെന്ന് പാകിസ്ഥാന്‍ സമ്മതിച്ചു. ഇന്ത്യക്ക് കൈമാറിയ 36 പേജുള്ള പുതിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് പാകിസ്ഥാന്‍ ഇക്കാര്യം അറിയിച്ചത്.
ലഖ്‌വിയെ കൂടാതെ ഹമ്മദ് അമിന്‍ സാദിഖ്, മസ്‌ഹര്‍ ഇക്ബാല്‍, അബു അല്‍ കാമ, അബ്ദുള്‍ വാജിദ്, സരാര്‍ ഷാ, ഷാഹിദ് ജമീല്‍ റിയാസ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. മുംബൈയില്‍ ആക്രമണത്തിലേര്‍പ്പെട്ട പത്ത് ഭീകരര്‍ക്ക് സഹായം ലഭ്യമാക്കുകയായിരുന്നു ഇവരുടെ ദൌത്യം. ആക്രമണത്തില്‍ അജ്മല്‍ അമീര്‍ കസബ് ഒഴികെയുള്ള മറ്റ് ഒമ്പത് ഭീകരരും കൊല്ലപ്പെട്ടു.
മറ്റ് പതിമൂന്ന് പേരെ കുറിച്ചും കേസില്‍ പരാമര്‍ശമുണ്ട്. മുഹമ്മദ് അംജാദ് ഖാന്‍, ഇഫ്തീക്കര്‍ അലി, അബ്ദുള്‍ റഹ്‌മാന്‍, മുഹമ്മദ് ഉസ്മാന്‍, അത്തിക്ക് ഉര്‍ റഹ്‌മാന്‍, രിയാസ് അഹമ്മദ് ഖാന്‍, മുഹമ്മദ് മുഷ്താഖ്, മുഹമ്മദ് നയിം, അബ്ദുള്‍ ഷക്കൂര്‍, മുഹമ്മദ് സബീര്‍ സാല്‍ഫി, മുഹമ്മദ് ഉസ്മാന്‍, ഷക്കീല്‍ അഹമ്മദ് എന്നിവരാണവര്‍.
അതിനിടെ ഇന്ത്യയില്‍ പിടിയിലായ ഫഹീം അന്‍സാരി, സബാഹുദ്ദീന്‍ എന്നീ രണ്ട് ഭീകരരെ ചോദ്യം ചെയ്തതിന്‍റെ റിപ്പോര്‍ട്ട് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. |