പോപ്പ് സംഗീതജ്ഞന്‍ മൈക്കല്‍ ജാക്സന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ച കൂടി വൈകും. ജാക്സന്‍റെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണം വൈകുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, ജാക്സന്‍റെ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച കേസ് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി. അതിവരെ ജാക്സന്‍റെ മാതാവ് കാതറീന്‍ ജാക്സണായിരിക്കും കുട്ടികളുടെ സംരക്ഷണ ചുമതല. മൂന്ന് മക്കളുടേയും സംരക്ഷണ ചുമതല കാതറിനായിരിക്കുമെന്നാണ് ജാക്സന്‍റെ വില്‍പ്പത്രത്തിലുണ്ട്. ജാക്സന്‍റെ മുന്‍ഭാര്യ ഡെബ്ബി റോവ് കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയിരുന്നു. അവര്‍ കേസില്‍ നിന്ന് പിന്‍മാറിയേക്കുമെന്നും സൂചനകളുണ്ട്.
വേദനാ സംഹാരികളുടെ അമിത ഉപയോഗം മൂലം ഉണ്ടായ ഹൃദയാഘാതമാണ് ജാക്സന്‍റെ മരണകാരണം എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് സൂചന. ജാക്സണ് അനസ്റ്റേഷ്യയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് ഉപയോഗിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടുകള്‍ ജാക്സന്‍റെ ഡോക്ടറെ പ്രതിക്കൂട്ടിലാക്കിയതായാണ് സൂചന. ഡോക്ടര്‍ അമിതമായി വേദനാ സംഹാരി കുത്തിവച്ചതാണ് ജാക്സണ്‍ മരിക്കാനുള്ള കാരണമെന്നാണ് പരക്കെയുള്ള ആരോപണം. |