എല്ലാ തരത്തിലുമുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പോരാടാന്‍ ചേരിചേരാ രാജ്യങ്ങള്‍ പ്രതിജ്ഞയെടുത്തു. ഏതെങ്കിലും മതവുമായോ ദേശീയതയുമായോ നാഗരികതയുമായോ ഭീകരവാദത്തിന് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും ‘നാം‘ അംഗ രാഷ്ട്രങ്ങള്‍ ഊന്നിപ്പറഞ്ഞു.
പതിനഞ്ചാമത് ഉച്ചകോടിയില്‍ ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള യോജിച്ച പ്രവര്‍ത്തനത്തിന് 118 അംഗ രാജ്യങ്ങളും ധാരണയിലെത്തി. യുഎന്‍ ചാര്‍ട്ടര്‍, അന്താരാഷ്ട്ര നിയമങ്ങള്‍, രാജ്യാന്തര കീഴ്വഴക്കങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായുള്ള നടപടികള്‍ കൈക്കൊള്ളാനാണ് ഉച്ചകോടിയില്‍ ധാരണയായത്.
തീവ്രവാദത്തിനെതിരെ ആഗോള സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ഉച്ചകോടിയില്‍ അംഗീകാരം ലഭിച്ചു. തീവ്രവാദികളും അവരെ സഹായിക്കുന്നവരും ഒരുപോലെ എതിര്‍ക്കപ്പെടണമെന്ന് പാകിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തീവ്രവാദ ശൃംഖലകളും അവര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന കേന്ദ്രങ്ങളും തകര്‍ക്കണമെന്നും സിംഗ് ആവശ്യപ്പെട്ടിരുന്നു.
ആഗോള സാമ്പത്തിക മാന്ദ്യം ഉയര്‍ത്തിവിട്ട പ്രതിസന്ധി മറികടക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനും രാജ്യങ്ങള്‍ ധാരണയായി. ഈ വിഷയത്തില്‍ ചൈനയുടെയും മറ്റ് 77 രാജ്യങ്ങളുടെയും സഹകരണം തേടും. അതേസമയം സാമ്പത്തിക മാന്ദ്യത്തിന്‍റെ ഭാരം മുഴുവന്‍ വികസ്വര രാജ്യങ്ങള്‍ സഹിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും രാജ്യങ്ങള്‍ വ്യക്തമാക്കി.
യുഎന്‍ സുരക്ഷ കൌണ്‍സില്‍ വികസിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ചേരിചേരാ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ചേരിചേരാ രാഷ്ട്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടായിരിക്കണം ഇത്. അംഗരാഷ്ട്രങ്ങളില്‍ ഭക്‍ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ യുഎന്നിനോടും അതിന്‍റെ വിവിധ ഏജന്‍സികളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഉച്ചകോടിയില്‍ തീരുമാനമായി.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ഡിസംബറില്‍ നടക്കുന്ന കോപെന്‍ഹേഗന്‍ സമ്മേളനത്തില്‍ ചേരിചേരാ രാഷ്ട്രങ്ങളുടെ താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കാനാവും വിധം രാഷ്ട്രീയ ഐക്യം ഉണ്ടാക്കിയെടുക്കാനും യോഗത്തില്‍ ധാരണയായി. |