മുംബൈ ഭീകരാക്രമണ കേസില്‍ പാകിസ്ഥാന്‍ ഗൌരവതരമായ സമീപനമല്ല നടത്തുന്നത് എന്ന ആരോപണം പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് നിഷേധിച്ചു. അന്വേഷണം താമസിപ്പിച്ചത് ഇന്ത്യയാണെന്നും മാലിക് കുറ്റപ്പെടുത്തി.
മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണം പാകിസ്ഥാന്‍ കാരണമല്ല താമസിച്ചത്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് കരുതുന്ന അഞ്ച് പേരെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്ത് റിക്കോര്‍ഡ് സമയത്തിനുള്ളില്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു എന്ന് മാലിക് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അറസ്റ്റ് ചെയ്തവരുടെ വിചാരണ അടുത്ത ആഴ്ച തുടങ്ങും. ആക്രമണത്തെ കുറിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യ 90 ദിവസം എടുത്തു. പാകിസ്ഥാന്‍ 76 ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി. എന്നാല്‍, ഇന്ത്യ ഇതുവരെയും ആവശ്യപ്പെട്ട വിവരങ്ങള്‍ പൂര്‍ണമായി നല്‍കിയിട്ടില്ല.
പാകിസ്ഥാന്‍ തുടര്‍ച്ചയായി കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇന്ത്യയുടെ ഭാഗത്ത് നിന്ന് മറുപടിയൊന്നുമില്ല. 26/11 ആക്രമണങ്ങളെയും സംഝോത എക്സ്പ്രസ് സ്ഫോടനങ്ങളെയും ബന്ധിപ്പിക്കുന്ന തെളിവുകളും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും റഹ്മാന്‍ മാലിക് പറഞ്ഞു. |