കുട്ടികള്‍ക്ക് അശ്ലീല സാഹിത്യം ലഭിക്കുന്നത് തടയാനുള്ള നടപടികള്‍ ലങ്കന്‍ സര്‍ക്കാര്‍ ശക്തമാക്കി. അശ്ലീല ചുവയുള്ള വസ്തുതകള്‍ അടങ്ങിയ ധാരാളം വെബ്സൈറ്റുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കുട്ടികള്‍ക്ക് അശ്ലീല പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാകാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസ് ഐജിക്ക് പ്രസിഡന്‍റ് മഹിന്ദ രാജപക്സെ നിര്‍ദ്ദേശം നല്‍കി. ഇന്‍റര്‍നെറ്റില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും ക്യാപ്ച്ചര്‍ ചെയ്യുകയും പോസ്റ്റിംഗ് നടത്തുകയും ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ വെബ്സൈറ്റുകള്‍ ഇത്തരത്തിലുള്ള ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. കുട്ടികളെ നല്ല പൌരന്‍മാരായി വളര്‍ത്തിക്കൊണ്ട് വരാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവന വ്യക്തമാക്കി. |