പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സണ്‍ മരിച്ചത് അമിതമായ മരുന്ന് ഉപയോഗിച്ചതുമൂലമാണെന്ന് പരിശോധനാ ഫലം. പ്രാഥമിക ടോക്സിക്കോളജി പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്‍റെ ശരീരത്തില്‍ മാരകമായ അളവില്‍ വേദനാസംഹാരിയായ ഡെമോറോള്‍, അതിന് പകരമായി ഉപയോഗിക്കുന്ന ഹെറോയിന് തുല്യമായ മെതഡോണ്‍ എന്നിവ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് സണ്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു സാധാരണ മനുഷ്യന്‍റെ മരണത്തിന് കാരണമായേക്കാവുന്ന അളവിലുള്ള മരുന്ന് ജാക്സണ്‍ കഴിച്ചിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. അമിത ഡോസിലുള്ള മരുന്നിനോട് അദ്ദേഹത്തിന്‍റെ ശരീരത്തിന് പൊരുത്തപ്പെടാന്‍ സാധിക്കാതിരുന്നതാണ് ജൂണ്‍ 25ന് അദ്ദേഹം മരിക്കാന്‍ കാരണമെന്ന് പരിശോധനാ ഫലം ചൂണ്ടിക്കാട്ടി പത്രം റിപ്പോര്‍ട്ട് ചെയ്തു.
മരണത്തെക്കുറിച്ചന്വേഷിക്കുന്ന വിഭാഗത്തിന്‍റെ ലോസ് ഏഞ്ചല്‍സിലെ ഓഫീസില്‍ പ്രാഥമിക ടോക്സിക്കോളജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സഞ്ചരിക്കുന്ന മരുന്ന് സംഭരണിയായിരുന്നു ജാക്സണെന്ന് ഒരു ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. അനസ്തേഷ്യ നല്‍കാന്‍ ഉപയോഗിക്കുന്ന പ്രോപോഫോള്‍ എന്ന മരുന്നാണ് ജാക്സണ്‍ ഉറക്കം വരാനായി ഉപയോഗിച്ചിരുന്നതെന്നും പരിശോധനയില്‍ വ്യക്തമായി. ഡിലോഡിഡ് എന്ന മയക്കുമരുന്ന് വന്‍തോതില്‍ ജാക്സണ്‍ ഉപയോഗിച്ചിരുന്നു. മറ്റ് നിരവധി മരുന്നുകള്‍ ജാക്സണ്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം ക്രമാനുഗതമായി ജാക്സണെ തളര്‍ത്തിയതായി വിശ്വസ്ത കേന്ദ്രങ്ങള്‍ അറിയിച്ചു. ജാക്സന്‍റെ ഡോക്ടര്‍ അമിത ഡോസില്‍ മരുന്ന് നല്‍കിയതാണ് മരണകാരണമെന്ന് ആരോപണമുണ്ടായിരുന്നു. |