സുപ്രധാന തീരുമാനങ്ങളൊന്നുമെടുക്കാതെ ഇറ്റലിയില്‍ ചേര്‍ന്ന ജി - എട്ട് രാജ്യങ്ങളുടെ ഉച്ചകോടി സമാപിച്ചു. എല്ലാ രാജ്യങ്ങളും ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടണമെന്ന് ജി - എട്ട് ഉച്ചകോടി ആവശ്യപ്പെട്ടു. ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് ഇതുവരെ കരാറില്‍ പങ്കാളിയാകാത്തത്. ഈ സാഹചര്യത്തില്‍ കരാറില്‍ പങ്കാളിയാകാന്‍ ഇന്ത്യയ്ക്കുള്ള സന്ദേശമാണ് ഉച്ചകോടി നല്‍കിയതെന്നാണ് വിലയിരുത്തല്‍.
ആണവ നിരായുധീകരണത്തിന്‍റെ പ്രാധാന്യം എടുത്തുകാണിച്ചാണ് ജി - എട്ട് രാജ്യങ്ങള്‍ കരാറിന്‍റെ ഭാഗമാകാന്‍ ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ആണവ നിരായുധീകരണം നടപ്പിലാക്കുന്നതിനുള്ള ആധാരശിലയാണ് കരാറെന്ന് ഉച്ചകോടി അഭിപ്രായപ്പെട്ടു. 2010ല്‍ നടക്കുന്ന കരാര്‍ പുനരവലോകന സമ്മേളനത്തില്‍ കരാര്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ജി - എട്ട് രാജ്യങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യയും പാകിസ്ഥാനുമടക്കമുള്ള ലോക രാജ്യങ്ങള്‍ ഇതുവരെ കരാറില്‍ ഒപ്പിട്ടിട്ടില്ല.കരാറില്‍ ഒപ്പിട്ട രാജ്യങ്ങളുടെ സമ്മേളനം 2010ല്‍ നടക്കാനിരിക്കെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയോട് കരാറില്‍ ഒപ്പിടണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ ആവര്‍ത്തനമാണ് ഉച്ചകോടിയിലുണ്ടായ നിര്‍ദ്ദേശം. ഇന്ത്യ കരാറില്‍ ഒപ്പിട്ടാല്‍ തങ്ങളും ഒപ്പിടാമെന്ന് പാകിസ്ഥാന്‍ നേരത്തെ പറഞ്ഞിരുന്നു.
കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച ഒരു സമവായ പ്രമേയത്തിന് ജി എട്ട്, ജി അഞ്ച് രാജ്യങ്ങള്‍ രൂപരേഖ തയ്യാറാക്കി. കാലാവസ്ഥ വ്യതിയാനവും ആഗോള സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു ഉച്ചകോടിയിലെ പ്രധാന ചര്‍ച്ച വിഷയം. ഹരിതഗൃഹ വാതകങ്ങളുടെ നിയന്ത്രണം സംബന്ധിച്ച വികസിതരാജ്യങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ വികസ്വരരാജ്യങ്ങള്‍ തയ്യാറായില്ല. ആഗോളതാപനം നിയന്ത്രിക്കാനായി തങ്ങളുടെ വികസനം ബലികഴിക്കാനാവില്ലെന്ന് ജി അഞ്ച് രാജ്യങ്ങള്‍ സമ്മേളനത്തില്‍ അറിയിച്ചു. |