വംശീയ കലാപം നടന്ന ഉറുംകിയില്‍ പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന ചൈനീസ് സര്‍ക്കാര്‍ നിരോധിച്ചു. മേഖലയില്‍ വിദേശികള്‍ സന്ദര്‍ശനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നിരോധനമെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ആളുകള്‍ വീടുകളില്‍ത്തന്നെ പ്രാര്‍ത്ഥന നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഷിന്‍ജിയാങ് പ്രവിശ്യയില്‍ സന്ദര്‍ശനം നടത്തുന്ന വിദേശികളും പത്രപ്രവര്‍ത്തകരും പ്രദേശം വിട്ടതായി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. കലാപത്തില്‍ 156 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഷിന്‍ജിയാങ് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ചൈനീസ് പ്രസിഡന്‍റ് ഹൂ ജിന്‍റാവോ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. യൂഗുര്‍ മുസ്ലീം വിഭാഗവും ഹാന്‍ ചൈനീസ് വംശജരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ചയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
ജൂണ്‍ അവസാനം ഇരു വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് കലാപം നടന്നത്. ചൈനയില്‍ 30 വര്‍ഷത്തിനിടെ ഇത്രയും പേര്‍ കൊല്ലപ്പെടുന്ന ഒരു കലാപം ആദ്യമാണ്. |