മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്ത അഞ്ച് ലഷ്കര്‍ - ഇ - തൊയ്ബ നേതാക്കളുടെ വിചാരണ പാക് കോടതി വീണ്ടും നീട്ടി. റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതി ജൂലൈ 18ലേക്കാണ് കേസ് മാറ്റിയത്. ജഡ്ജിയുടെ അഭാവത്തിലാണ് കേസ് മാറ്റിവച്ചത്. കേസില്‍ വാദം കേട്ടുകൊണ്ടിരുന്ന നമ്പര്‍ - 2 ഭീകര വിരുദ്ധ കോടതി ജഡ്ജി മുഹമ്മദ് കഹൂതിനെ തത്സ്ഥാനത്തു നിന്ന് മാറ്റിയതിനെ തുടര്‍ന്ന് നെയ് 23നു ശേഷം കേസിന്‍റെ വിചാരണയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. നീതിന്യായ പരിഷ്കാരങ്ങളുടെ ഭാഗമായാണ് കഹൂതിനെ മാറ്റിയത്.
തുടര്‍ന്ന് ഒന്നാം നമ്പര്‍ കോടതി ജഡ്ജി മുഹമ്മദ് അക്രം അവാനെ കേസ് പരിഗണിക്കുന്നതിനായി കേസന്വേഷിക്കുന്ന ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സമീപിച്ചെങ്കിലും തുടര്‍ച്ചയായി മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം, നമ്പര്‍ - 2 കോടതി ജഡ്ജിയായി ബാഖിര്‍ അലി റാണയെ നിയമിച്ചതായി വിശ്വസ്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. തിങ്കളാഴ്ച അദ്ദേഹം ചുമതലയേല്‍ക്കും എന്നാണ് കരുതുന്നത്. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സക്കിവുര്‍ റഹ്മാന്‍ ലഖ്‌വി, അബു അല്‍ ക്വാമ, സരാര്‍ ഷാ, ഷാഹിദ് ജമീല്‍ റിയാസ്, അമീന്‍ സാദിഖ് എന്നീ ഭീകരരുടെ കേസില്‍ പുതിയ ജഡ്ജി വാദം കേള്‍ക്കുമെന്നാണ് കരുതുന്നത്. |