അലാസ്ക ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കൂടിയായ സാറാ പെയ്‌ലിന്‍ രാജിവച്ചേക്കും. വാസിലയിലുള്ള വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പെയ്‌ലിന്‍ രാജി സംബന്ധിച്ച സൂചന നല്‍കിയത്.
തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കില്ലെന്ന് അവര്‍ വ്യക്‌തമാക്കി. 2012 ല്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ സാറാ പെയ്‌ലിന്‍ മല്‍സരിക്കാന്‍ തയ്യാറെടുക്കുന്നതായ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് അവരുടെ പുതിയ പ്രസ്താവന. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യം മുഴുവന്‍ സഞ്ചരിച്ച് തനിക്ക് അനുകൂലമായ ഒരു തരംഗം സൃഷ്ടിച്ചെടുക്കാനാണ് പെയ്‌ലിന്‍ രാജിവയ്ക്കുന്നതെന്നും അഭ്യൂഹമുണ്ട്.
ജൂണില്‍ സിഎന്‍എന്‍ നടത്തിയ സര്‍വേയില്‍ പെയ്‌ലിന്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. മസാച്ചുസെറ്റ്സ് ഗവര്‍ണര്‍ മിറ്റ് റോമ്നിക്കും അര്‍ക്കന്‍സാസ് മുന്‍ ഗവര്‍ണര്‍ മിക് ഹുക്കാബിക്കും പിന്നില്‍ മൂന്നാമതായാണ് സര്‍വേ പെയ്‌ലിനെ സാധ്യത കല്‍പിക്കുന്നത്. |